പാന്‍കാർഡും ആധാറുമൊക്കെ വാട്സാപ്പിൽ അയച്ച് നല്‍കാറുണ്ടോ: സൂക്ഷിക്കാന്‍ ഏറെയുണ്ട്

Advertisement
Featured Image

വായ്പകൾക്കായി അപേക്ഷിക്കുമ്പോഴോ, ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുമ്പോഴോ, എന്തിനേറെ ഒരു വീട് വാടകയ്‌ക്കെടുക്കുമ്പോൾ പോലും തിരിച്ചറിയൽ രേഖകൾ വാട്സാപ്പിൽ അയച്ചു നൽകുന്നത് ഇന്ന് സർവസാധാരണമാണ്. "പാന്‍കാർഡും ആധാറും ബാങ്ക് സ്റ്റേറ്റ്‌മെന്റും വാട്സാപ്പ് ചെയ്യുമോ" എന്ന ചോദ്യം ഒരു സാധാരണ കാര്യമായി നമ്മളില്‍ പലരും കാണുന്നു. എന്നാൽ, അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല ഇതെന്നാണ് വിദഗ്ധർക്ക് പറയാനുള്ളത്.

ബാങ്കുകളുടെയോ സ്ഥാപനങ്ങളുടെയോ ഔദ്യോഗിക സംവിധാനങ്ങൾക്ക് പകരം ഇടനിലക്കാരുടെയും ജീവനക്കാരുടെയും സ്വകാര്യ ഫോണുകളിലേക്കാണ് ഇത്തരം അതീവ സുരക്ഷിത രേഖകൾ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ അപകടം. നാം അയക്കുന്ന ഈ രേഖകൾ അവരുടെ വ്യക്തിഗത ഫോണുകളിലും ലാപ്ടോപ്പുകളിലും ക്ലൗഡ് ബാക്കപ്പുകളിലും വർഷങ്ങളോളം യാതൊരു സുരക്ഷയുമില്ലാതെ കിടക്കും. രേഖകൾ കൈപ്പറ്റുന്ന വ്യക്തി തികച്ചും വിശ്വസ്തനായിരുന്നാൽ പോലും, അദ്ദേഹത്തിന്റെ ഫോൺ നഷ്ടപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താൽ നിങ്ങളുടെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.


ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്ത് ഇത്തരം രേഖകൾ കൈകാര്യം ചെയ്യപ്പെടുമ്പോൾ, അവയുടെ ഒന്നിലധികം പകർപ്പുകൾ പലയിടങ്ങളിലായി ശേഖരിക്കപ്പെടുകയും ഇത് വഴി വ്യാജ വായ്പകൾ എടുക്കുന്നതിനും വ്യക്തിത്വം മോഷ്ടിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്കും വഴിതുറക്കുകയും ചെയ്യുന്നു.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയൽ വിവരങ്ങൾ പങ്കുവെക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വ്യക്തികളുടെ സ്വകാര്യ വാട്സാപ്പ് നമ്പറുകളിലേക്ക് ഡോക്യുമെന്റുകൾ അയക്കുന്നതിന് പകരം, സ്ഥാപനങ്ങളുടെ സുരക്ഷിതമായ ഔദ്യോഗിക പോർട്ടലുകൾ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ മാത്രം വിവരങ്ങൾ സമർപ്പിക്കുക.

Advertisement

Related News