പീച്ചങ്കോട്: പീച്ചങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (PHC) നിർത്തിവെച്ച സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സാ സൗകര്യവും അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ. പീച്ചങ്കോട് ബ്രാഞ്ച് കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകി.
വെള്ളമുണ്ട, പനമരം, എടവക തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പ്രധാന പൊതുജനാരോഗ്യ കേന്ദ്രമാണ് പീച്ചങ്കോട് പി.എച്ച്.സി. എന്നാൽ സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സയും നിർത്തിവെച്ചതോടെ രാത്രികാലങ്ങളിലും മറ്റും ചികിത്സ തേടുന്ന രോഗികൾക്ക് ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സാധാരണക്കാരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനായി സായാഹ്ന ഒ.പി. അടിയന്തരമായി പുനരാരംഭിക്കണമെന്നും കിടത്തിച്ചികിത്സാ സൗകര്യം പുനഃസ്ഥാപിച്ച് ആവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്നും എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടു.
ആരോഗ്യ കേന്ദ്രത്തിലെ നിർത്തിവെച്ച സേവനങ്ങൾ പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നിവേദനത്തിൽ മുന്നറിയിപ്പ് നൽകി.
എസ്.ഡി.പി.ഐ. പീച്ചങ്കോട് ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ പി. ആണ് നിവേദനം നൽകിയത്.ഉസ്മാൻ കെ, അയ്യൂബ് കെ, ഷമീർ കെ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

