സാധാരണ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ല, എന്നാല്‍ ഇത്തവണ പറയാതെ വയ്യ'; വ്യാജ വാർത്തയ്‌ക്കെതിരെ വേടൻ

Advertisement
Featured Image

കൊച്ചി: അപകീർത്തികരമായ വ്യാജ വാര്‍ത്തയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച് റാപ്പര്‍ വേടന്‍. തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വേടന്‍ പറയുന്നത്. 'സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടല്‍ തുടങ്ങുകയാണ് വേടൻ്റെ ലക്ഷ്യം' എന്ന നിലയിൽ പ്രചരിക്കുന്ന വ്യാജ വാർത്ത ചൂണ്ടിക്കാണിച്ചാണ് വേടൻ്റെ പ്രതികരണം. തന്നെ ലക്ഷ്യം വെച്ച് ബോധപൂര്‍വ്വം നടത്തുന്ന വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും റാപ്പര്‍ വേടന്‍ തന്റെ സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. സാധാര ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ല, എന്നാല്‍ ഇത്തവണ പറയാതെ വയ്യ എന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചാണ് വേടന്‍ രംഗത്തെത്തിയത്.


എന്നെക്കുറിച്ച് ഒരു വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സൗദി അറേബ്യയില്‍ പന്നിയിറച്ചി വിഭവങ്ങള്‍ വിളമ്പുന്ന ഒരു റെസ്റ്റോറന്റ് ചെയിന്‍ ഞാന്‍ തുടങ്ങാന്‍ പോകുന്നു എന്നും, അതിനെക്കുറിച്ച് ഞാന്‍ പ്രസ്താവന നടത്തി എന്നും ചില പോസ്റ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായും കള്ളമാണ്. ഇങ്ങനെ ഒരു പ്രസ്താവന ഞാന്‍ ഒരിക്കലും നടത്തിയിട്ടില്ല. സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തോ ഒരു ഹോട്ടലോ റെസ്റ്റോറടൻ്റോ ഭക്ഷണ ബിസിനസ്സോ തുടങ്ങാന്‍ എനിക്ക് യാതൊരു പദ്ധതിയുമില്ല. അതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നും തന്നെ എനിക്കില്ല. ഞാന്‍ സൗദിയിലേക്ക് പോകുന്നത് ഒരു പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍, പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ്. എന്നെ ക്ഷണിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാഴക്കാ പ്രവൃത്തിയോ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല'; എന്നാണ് വേടന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയത്.

Advertisement

Related News