ഓണാവധിക്കാലത്ത് താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് വയനാട് ചേംബർ ഓഫ് ടൂറിസം ആവശ്യപ്പെട്ടു.
ഓണത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന ആയിരക്കണക്കിന് യാത്രക്കാരും വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളും ചുരത്തിലെ മണിക്കൂറുകൾ നീളുന്ന ബ്ലോക്ക് കാരണം കടുത്ത ദുരിതത്തിലാണ്. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.അലി ബ്രാൻ, സുനിൽ,മനു മത്തായി, വിനോദ്, രാധാകൃഷ്ണൻ, ഗോപവർമ്മ സൈഫ് മാനു തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു.
വലിയ ലോറികൾ, കണ്ടെയ്നറുകൾ തുടങ്ങിയ ഭാരവാഹനങ്ങൾ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടുന്നത് താൽക്കാലികമായി നിർത്തിവെച്ച്, അവ പെരിയ ചുരം ഉൾപ്പെടെയുള്ള ഇതര ബദൽ പാതകളിലൂടെ തിരിച്ചുവിടുക.
അവധിക്കാലത്തെ വലിയ തിരക്ക് പരിഗണിച്ച് അടുത്ത ഒരാഴ്ചത്തേക്ക് താമരശ്ശേരി ചുരത്തിലൂടെ യാത്രാവാഹനങ്ങൾ മാത്രം കടത്തിവിടാനുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുക.
ചുരത്തിലെ പ്രധാന വളവുകളിലും കുരുക്ക് അനുഭവപ്പെടുന്ന പോയിന്റുകളിലും ഗതാഗതം സുഗമമാക്കാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും ട്രാഫിക് വാർഡൻമാരെയും വിന്യസിക്കുക.
ഉത്സവ സീസണിൽ യാത്രക്കാർ നേരിടുന്ന ദുരിതം ഒഴിവാക്കാനും ടൂറിസം മേഖലയുടെ സുഗമമായ പ്രവർത്തനത്തിനും അടിയന്തര ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കണമെന്ന് വയനാട് ചേംബർ ഓഫ് ടൂറിസം ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു.

