ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്കെതിരെ സ്വിസ് കോടതിയില്‍ ക്രിമിനല്‍ പരാതി നല്‍കാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ ഒരുങ്ങുന്നു. ഭാവി ലോകകപ്പ് ലാഭത്തിന്റെ പങ്ക് സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ശ്രമത്തില്‍ സാമ്പത്തിക ക്രമക്കേടും വീഴ്ചയും വരുത്തിയെന്നാരോപിച്ചാണ് യുവേഫയുടെ ഈ നീക്കം. യുഎസിലെ കോടതികളില്‍ സമര്‍പ്പിച്ച രേഖകളിലാണ് യുവേഫ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്. ഇന്‍ഫാന്റീനോയും മറ്റ് ചില ഫിഫ ഉദ്യോഗസ്ഥരും സ്വിസ് പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 158 പ്രകാരം ക്രിമിനല്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്തുവെന്നാണ് യുവേഫ അഭിഭാഷകരുടെ വാദം.
ട്രംപിന്റെ മരുമകനായ ജാറെഡ് കുഷ്നറുടെ സഹോദരന്‍ ജോഷ് കുഷ്നര്‍ സ്ഥാപിച്ച ത്രൈവ് ക്യാപിറ്റല്‍ മാനേജ്മെന്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്‍ഫാന്റീനോ പദ്ധതി ആസൂത്രണം ചെയ്തത്. ഫിഫയുടെ കമേഴ്സ്യല്‍ വിഭാഗത്തിലെ 20% ഓഹരി പങ്കാളിത്തം 4.2 ബില്യണ്‍ ഡോളറിന് കൈമാറാനായിരുന്നു പദ്ധതിയെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍ ഈ വില തികച്ചും അപ്രായോഗികവും ഫിഫയുടെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ വളരെ കുറവുമാണെന്നും, ഇന്‍ഫാന്റീനോയ്ക്ക് വ്യക്തിപരമായ ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തിയതെന്നും യുവേഫ കോടതിയില്‍ വ്യക്തമാക്കുന്നു.

