അലോഷ്യസ് കെ.ജോഷിക്ക് എസ് കെ എം ജെ സ്കൂളിൽ സ്വീകരണം നൽകി

Advertisement
Featured Image

കൽപ്പറ്റ: സീനിയർ കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ അലോഷ്യസ് കെ. ജോഷിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. സ്കൂളിലെ പൂർവ വിദ്യാർഥിയാണ് സൈനികനായ അലോഷ്യസ് കെ. ജോഷി.

സ്കൂളിലെത്തിയ അലോഷ്യസ് ജോഷിയെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു.

ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് വിനീത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് മുഖ്യാതിഥിയായി. അലോഷ്യസിന്റെ നേട്ടം അഭിമാനവും മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വിദ്യാർഥികളും കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ വിനിയോഗിക്കണം. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിക്കണം. അലോഷ്യസിനെപ്പോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ വിദ്യാർഥികൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അലോഷ്യസ് ജോഷിക്ക് സ്കൂളിന്റെ സ്നേഹോപഹാരം വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് സമ്മാനിച്ചു. പഠിച്ച സ്കൂളിൽ പഠിപ്പിച്ച അധ്യാപകരിൽനിന്ന് സ്വീകരണം ഏറ്റുവാങ്ങാനായതിൽ സന്തോഷമുണ്ടെന്നും എല്ലാവർക്കും നന്ദിയറിയിക്കുന്നതായും അലോഷ്യസ് കെ. ജോഷി പറഞ്ഞു.

ഐ.ഐ.ടി. മദ്രാസിന്റെ അവധിക്കാല ക്ലാസിൽ പങ്കെടുത്ത വിദ്യാർഥികളായ വൈഗ ആർ. കൃഷ്ണ, അനാമിക അനിൽ, ദേവ്ന വിധു, അദ്വൈത് രതീഷ്, അമൃത രതീഷ്, എസ്. നിലാഞ്ജന, എസ്. ദീപ്തി ശ്രേയ, ഹേമന്ത് ചന്ദ്രൻ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

അരുണ്‍ ടി. ജോസ്, പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, പ്രധാനാധ്യാപകൻ എം.പി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. അലോഷ്യസിന്റെ മാതാപിതാക്കളായ ജോഷിയും ഷീജയും ചടങ്ങിൽ പങ്കെടുത്തു.

നൈജീരിയയിലെ ലാഗോസിൽ നടന്ന മത്സരത്തിലാണ് അലോഷ്യസ് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയത്. വ്യക്തിഗത ഇനത്തിൽ അഞ്ചാം സ്ഥാനവും അലോഷ്യസിനുണ്ട്.

Advertisement

Related News