കൽപ്പറ്റ: കേരള സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വൈത്തിരി ഉപജില്ലാ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.
കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂൾ മിനി കോൺഫറൻസ് ഹാളിൽ നടന്ന രൂപീകരണ യോഗം കൽപ്പറ്റ നഗരസഭ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലറും കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റുമായ നവാസ് എം.പി. അധ്യക്ഷത വഹിച്ചു.
സെപ്റ്റംബർ 15നകം എല്ലാ സ്കൂളുകളിലും സ്കൂൾതല ലഹരി വിരുദ്ധ സഭകൾ രൂപീകരിക്കാനും സെപ്റ്റംബർ 16ന് എസ്.കെ.എം.ജെ. ഹൈസ്കൂൾ ജൂബിലി ഹാളിൽ ഉപജില്ലാ തല ലഹരി വിരുദ്ധ സഭ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളും വിവിധ വിഭാഗങ്ങളിലെ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കും.
കൽപ്പറ്റ സ്റ്റേഷൻ എ.എസ്.ഐ. പ്രദീപ് കെ.പി., വയനാട് ഡയറ്റ് ലക്ചറർ സുധീഷ്, ജി.വി.എച്ച്.എസ്.എസ്. മുണ്ടേരി ഹെഡ്മിസ്ട്രസ് സൽമ ടീച്ചർ, ഡബ്ല്യു.ഒ.എച്ച്.എസ്. ഹെഡ്മാസ്റ്റർ അബ്ദുസ്സലാം, വ്യാപാരി പ്രതിനിധി ഹാരിസ്, എം.പി.ടി.എ. പ്രതിനിധികളായ മെഹബൂബ്, ദൃശ്യ ആർ., വിവിധ സ്കൂളുകളിലെ വിദ്യാർഥി ലീഡർമാരായ നിഹ ഫാത്തിമ, മീനാക്ഷി എസ്. കുമാർ, അംന ഷെറിൻ, എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ ജിഷ്ണു ജി., സിനി പി.എം., റഈസ, പ്രമോദ്, അനീഷ്, ബി.ആർ.സി. വൈത്തിരി ബി.പി.സി. ടിന്റോ ജോസ് എന്നിവർ പങ്കെടുത്തു.
വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ് സ്വാഗതവും സഭാ കൺവീനർ അലി.കെ. നന്ദിയും പറഞ്ഞു.

