വാഹനങ്ങൾ സ്വന്തമായിട്ടുള്ളവർ എപ്പോഴും കൃത്യമായി ഓർത്തുവയ്ക്കേണ്ടൊരു കാര്യമാണ് വാഹന ഇൻഷുറൻസ് പുതുക്കുന്നത്. പല തിരക്കുകൾക്കിടയിൽ ചിലരെങ്കിലും ഈ കാര്യം മറന്നുപോകാൻ സാധ്യതയുണ്ട്. വാഹന ഇൻഷുറൻസ് കൃത്യമായ സമയങ്ങളിൽ പുതുക്കിയില്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
1•
വാഹന പരിശോധന : ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ പുതിയ പോളിസി നൽകുന്നതിന് മുൻപ് കമ്പനികൾ വാഹനം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂർത്തിയായി പുതിയ പോളിസി നിലവിൽ വരുന്നത് വരെ വാഹനത്തിന് യാതൊരു സുരക്ഷയുമുണ്ടാകില്ല. ഈ ഘട്ടത്തിൽ വാലിഡ് ആയ പി.യു.സി സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
2•നോ ക്ലെയിം ബോണസ് നഷ്ടപ്പെടുന്നു: മുൻവർഷങ്ങളിൽ ക്ലെയിം ഒന്നും ചെയ്യാത്തതിന് ലഭിക്കുന്ന 20 മുതൽ 50 ശതമാനം വരെയുള്ള ‘നോ ക്ലെയിം ബോണസ്’ ആനുകൂല്യം നഷ്ടപ്പെടാൻ ഇത് കാരണമാകും. എന്നാൽ പോളിസി കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പുതുക്കുകയാണെങ്കിൽ ഈ ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് ഐ.ആർ.ഡി.എ.ഐ വ്യക്തമാക്കുന്നു
3•പരിരക്ഷ ഇല്ലാതാകുന്നു: ഇൻഷുറൻസ് പുതുക്കേണ്ട തീയതി കഴിഞ്ഞാൽ, ഒരൊറ്റ ദിവസം പോലും വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെന്നില്ല. ഈ കാലയളവിൽ അപകടം സംഭവിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ പൂർണമായും ഉടമ തന്നെ വഹിക്കേണ്ടി വരും.ഇൻഷുറൻസ് പുതുക്കാതെ പ്രത്യേകിച്ച് തേർഡ് പാർട്ടി പരിരക്ഷയില്ലാതെ വാഹനം ഓടിക്കുന്നത് നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
*എപ്പോഴാണ് വാഹന ഇൻഷുറൻസ് പുതുക്കേണ്ടത്?*
ഇൻഷുറൻസ് കാലാവധി തീരുന്നതിന് 60 ദിവസം മുൻപ് തന്നെ പുതുക്കൽ നടപടികൾ ആരംഭിക്കാനാണ് ഐ.ആർ.ഡി.എ.ഐ നിർദ്ദേശിക്കുന്നത് . പോളിസി കാലഹരണപ്പെട്ടാൽ ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് പരിശോധനകൾ പൂർത്തിയാക്കി പുതിയ പോളിസി ആക്ടീവ് ആക്കുകയാണ് ചെയ്യേണ്ടത്.

