മലപ്പുറം: സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പിന്തുണയുമായി ഇ കെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഇന്ത്യ രാജ്യത്ത് ഓരോരുത്തര്‍ക്കും അവരുടെ മതപരമായ കാര്യങ്ങള്‍ പറയാമെന്നും അത് സ്വീകരിക്കാമെങ്കില്‍ സ്വീകരിക്കാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അല്ലാതെ കാലികമല്ലെന്ന് പറഞ്ഞ് കളിയാക്കേണ്ടതില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ അങ്ങനെ പ്രതികരിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
'ഓരോ മതങ്ങള്‍ക്കും അവരവരുടെ മതകാര്യങ്ങള്‍ ഉണ്ട്. ഇന്ത്യ അങ്ങനെയൊരു രാജ്യമാണ്. ഏതെങ്കിലും ഒരു മതത്തിന്റെ ആചാരങ്ങളെ ആരും എതിര്‍ക്കരുത്. അങ്ങനെ എതിര്‍ക്കാന്‍ അനുവദിക്കില്ല. വിശുദ്ധ ശരീഅത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് കാലത്തിനനുസരിച്ച് മാറില്ല. മാറ്റേണ്ടതുമില്ല', ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

