ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയിൽ ഉൾപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല ആരംഭിക്കുന്നതെന്നും നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കുന്ന ഏതൊരു കപ്പലും ഇറാന്റെ ഉപരോധ പട്ടികയിൽ ചേർക്കുമെന്നും റെസായി പറഞ്ഞു.
അതിനിടെ, ഹോർമുസിലെ കപ്പൽച്ചാലിന്റെ കാര്യത്തിൽ ഒമാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവയിൽ ഒപ്പുവെക്കുമെന്നും റെസായി കൂട്ടിച്ചേർത്തു. ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണങ്ങൾക്ക് അതിവേഗം ശക്തവും കൂടുതൽ വേദനാജനകവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് പ്രസ്താവനയിൽ പറഞ്ഞു.
ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ഇന്നലെ അമേരിക്ക ആക്രമിച്ചതിനു പിന്നാലെ, ആറു കപ്പലുകൾ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ലക്ഷ്യം വച്ചിരുന്നു. അമേരിക്കയുടെ മൂന്നു കപ്പലുകൾ ഉൾപ്പടെ ഹോർമുസ് കടലിടുക്കിൽ ബദൽ ജലപാത ഉപയോഗിച്ച മൂന്നു എണ്ണക്കപ്പലുകൾക്കു നേരെയാണ് ഇറാന്റെ ആക്രമണം.

