കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത് യുദ്ധം മാത്രമല്ല, കൂടെ എണ്ണയും ഡോളറും

Advertisement
Featured Image

കേരളത്തിൽ സ്വർണ വില ഉയരാൻ കാരണം യുദ്ധം മാത്രമല്ലെന്നും എണ്ണയും ഡോളറും സ്വർണ്ണവില ഉയർത്തുന്നുവെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ. എണ്ണവില ഉയരുന്നത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു വെല്ലുവിളിയാണ്. ഗതാഗതം, ഉൽപ്പാദനം, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിലെ ചെലവ് വർധിക്കുന്നതോടെ പണപ്പെരുപ്പം വീണ്ടും ശക്തമാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നതെന്നും അദ്ദേഹം പറയുന്നു.


കുറിപ്പിന്റെ പൂർണ രൂപം:


'മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ചപ്പോൾ ആഗോള വിപണി നൽകിയ പ്രതികരണമല്ല ആറുമാസം പിന്നിടുമ്പോൾ കാണുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ പ്രധാനമായും ഭൗമരാഷ്ട്രീയ സംഘർഷമായാണ് വിപണി അതിനെ കണ്ടതെങ്കിൽ, ഇന്ന് അത് എണ്ണവിതരണ ഭീഷണി, പണപ്പെരുപ്പം, അമേരിക്കൻ പലിശനിരക്ക്, ഡോളർ, രൂപ തുടങ്ങിയ നിരവധി സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയായാണ് വിപണി കാണുന്നത്.


ഇതാണ് സ്വർണ്ണവിലയിലും ക്രൂഡ് ഓയിൽ വിലയിലും രൂപയുടെ വിനിമയ നിരക്കിലും ഒരേസമയം വലിയ ചലനങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം.


എണ്ണവില വീണ്ടും 100 ഡോളറിലേക്ക്

മിഡിൽ ഈസ്റ്റിലെ സംഘർഷം വീണ്ടും ശക്തമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക വർധിച്ചിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 100 ഡോളറിലേക്ക് എത്തിയിരിക്കുന്നു. എണ്ണവില ഉയരുന്നത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു വെല്ലുവിളിയാണ്. ഗതാഗതം, ഉൽപ്പാദനം, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിലെ ചെലവ് വർധിക്കുന്നതോടെ പണപ്പെരുപ്പം വീണ്ടും ശക്തമാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്.


എണ്ണ വില കൂടുമ്പോൾ സ്വർണ്ണത്തിന് എന്ത് സംഭവിക്കും?

ഇവിടെയാണ് സ്വർണ്ണവിപണിയിൽ രണ്ട് വിരുദ്ധ ശക്തികൾ ഒരേ സമയം പ്രവർത്തിക്കുന്നത്. യുദ്ധവും ഭൗമരാഷ്ട്രീയ സംഘർഷവും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നു. ഇത് സ്വർണ്ണവില ഉയരാൻ സഹായിക്കുന്ന ഘടകമാണ്. എന്നാൽ എണ്ണവില ഉയർന്ന് പണപ്പെരുപ്പം ശക്തമായാൽ അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കുകയോ പലിശ ഉയർന്ന നിലയിൽ തുടരുകയോ ചെയ്യുമെന്ന പ്രതീക്ഷ ശക്തമാകും. ഉയർന്ന പലിശനിരക്ക് സാധാരണയായി പലിശ ലഭിക്കാത്ത സ്വർണ്ണത്തിന് സമ്മർദ്ദം സൃഷ്ടിക്കും. അതിനാൽ സ്വർണ്ണത്തെ ഉയർത്തുന്ന ഘടകങ്ങളും താഴേക്ക് വലിക്കുന്ന ഘടകങ്ങളും ഒരേസമയം പ്രവർത്തിക്കുന്നതാണ് ഇപ്പോഴത്തെ വിപണിയിലെ പ്രത്യേകത. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുകയാണ്. സെപ്റ്റംബർ 8ന് സ്പോട്ട് ഗോൾഡ് ഏകദേശം 4,385 ഡോളറിലും, ക്രൂഡ് ഓയിൽ ഏകദേശം 99.46 ഡോളറിലും എത്തിയിരുന്നു

Advertisement

Related News