എടപ്പെട്ടി: എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസറായി നിയമിതനായ എടപ്പെട്ടി ഗവ. എൽ പി സ്‌കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിന് എടപ്പെട്ടി പൗരാവലി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. മൂന്നു വർഷങ്ങളായി എടപ്പെട്ടി സ്‌കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി സ്‌കൂളിനെ മികവിൻ്റെ കേന്ദ്രമാക്കിമാറ്റുന്നതിൽ ഇദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയതോടൊപ്പം ഉപജില്ലാ മേളകളിൽ വിദ്യാലയത്തിന് നേട്ടമുണ്ടാക്കാനും ഇക്കാലയളവിൽ സാധിച്ചു. സ്കൂളിൽ മികച്ച പാർക്ക്, സ്വന്തമായി വാഹനം , സ്മാർട്ട് ക്ലാസ് മുറികൾ, ഗ്രൗണ്ട് നവീകരണം തുടങ്ങി ഭൗതിക സൗകര്യങ്ങളിലും സ്‌കൂൾ മുന്നേറ്റം നടത്തി. ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്‌കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.
പ്രദേശവാസികളും രക്ഷിതാക്കളും അധ്യാപകരക്ഷാകർതൃ സമിതിയും ചേർന്ന് നൽകിയ യാത്രയയപ്പ് സംഗമം കൃഷി വകുപ്പുമന്ത്രി അഡ്വ. ടി സിദിഖ് ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ലീന സി നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിഷീദ് ചാഴി വയൽ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എ ശശി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ എം ജോഷി, എൻ ബി ഫൈസൽ, ഗിരിജ ബാബു, പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എം പി ടി എ പ്രസിഡൻ്റ് വിനീത സുജിത്ത്, നാരായണി കോൽപ്പാറ, സുന്ദർരാജ് എടപ്പെട്ടി, മോളി ജോർജ്, കീർത്തി ലിനീഷ്, എം എച്ച് ഹഫീസ് റഹ്മാൻ, വനജ സുരേഷ്, കെ പി പ്രദീശൻ, സി വി ശശികുമാർ, ബി ഖദീജ അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു .

