ഒക്ടോബര്‍ പതിനഞ്ചോടെ സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. പതിനഞ്ചാം തീയതി വരെ കാത്തിരിക്കാന്‍ പറ്റാത്ത അടിയന്തരമായി വാങ്ങേണ്ട മരുന്നുകള്‍ റെഡി പാര്‍ച്ചേഴ്സില്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകളുടെ കുറവുമാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. അത് വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളില്‍ ഡോക്ടര്‍മരുടെ അഭാവമുണ്ട്. ആ പ്രശ്‌നം പരിഹരിക്കും. ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കെ മുരളീധരന്‍.
സര്‍ക്കാരില്‍ നിന്ന് 50,000 രൂപ ശമ്പളം ലഭിക്കുമ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാർക്ക് ഒന്നര ലക്ഷം രൂപ ലഭിക്കും. പിന്നെങ്ങനെയാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ വരിക എന്നും മുരളീധരന്‍ ചോദിച്ചു. ഏത് സര്‍ക്കാര്‍ വന്നാലും അവരെയൊക്കെ കൈകാര്യം ചെയ്യുന്ന ചില കൂട്ടരുണ്ട്. അവരില്ലാത്ത ബഹളങ്ങള്‍ ഉണ്ടാക്കും. ആരോഗ്യ മേഖല കുത്തഴിഞ്ഞ് കിടക്കുന്നുവെന്നും മരുന്ന് കിട്ടാനില്ലെന്നും പ്രചരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഊര്‍ക്കടവ് ഹെല്‍ത്ത് സബ്‌സെന്റര്‍ ശിലാ സ്ഥാപന ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറയുന്നത്.

