ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടെന്നും ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും കരുതുക. എന്നിട്ടും അക്കൗണ്ടിലെ തുക പതുക്കെ കുറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. പണം പിന്‍വലിക്കാതെയും ഓണ്‍ലൈന്‍ ഇടപാട് നടത്താതെയും അക്കൗണ്ടില്‍ നിന്ന് തുക കുറയാന്‍ പല കാരണങ്ങളുമുണ്ട്. മിനിമം ബാലന്‍സ് പാലിക്കാത്തതിനുള്ള ചാര്‍ജ്, എടിഎം പരിധി കഴിഞ്ഞുള്ള ഉപയോഗം, ഡെബിറ്റ് കാര്‍ഡ് ഫീസ്, SMS അലര്‍ട്ട് പോലുള്ള സേവനങ്ങളുടെ നിരക്ക് തുടങ്ങി പല ചെറിയ ചാര്‍ജുകളും ചേര്‍ന്നാല്‍ വര്‍ഷം കഴിയുമ്പോള്‍ നല്ലൊരു തുക കുറഞ്ഞിട്ടുണ്ടാവാം.
മിനിമം ബാലന്‍സ് ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും
ചില സേവിങ്‌സ് അക്കൗണ്ടുകളില്‍ നിശ്ചിത തുക മിനിമം ബാലന്‍സായി സൂക്ഷിക്കണമെന്ന നിബന്ധനയുണ്ടാകും. അക്കൗണ്ടിലെ ശരാശരി ബാലന്‍സ് നിശ്ചിത പരിധിക്ക് താഴെയായാല്‍ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാന്‍ സാധ്യതയുണ്ട്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മാസത്തിന്റെ അവസാന ദിവസം അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഉണ്ടായാല്‍ മാത്രം മതിയാകണമെന്നില്ല. ചില അക്കൗണ്ടുകളില്‍ മാസത്തിലെ ശരാശരി ബാലന്‍സ് (Monthly Average Balance,MAB) കണക്കാക്കിയാണ് നിബന്ധന പരിശോധിക്കുന്നത്. അതിനാല്‍ വലിയ തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്കിന്റെ ശരാശരി ബാലന്‍സുമായി ബന്ധപ്പെട്ട നിബന്ധന പരിശോധിക്കുക.
Image
എടിഎം ഉപയോഗത്തിനും പരിധിയുണ്ട്
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ എല്ലായ്‌പ്പോഴും സൗജന്യമാണെന്ന് കരുതരുത്. ബാങ്കും കാര്‍ഡും അനുസരിച്ച് നിശ്ചിത എണ്ണം സൗജന്യ ഇടപാടുകള്‍ ലഭിക്കും. ഈ പരിധി കഴിഞ്ഞാല്‍ അധിക ചാര്‍ജ് ഈടാക്കാം. അതിനാല്‍ ആവശ്യമില്ലാതെ പലതവണ എടിഎം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ഡെബിറ്റ് കാര്‍ഡിനും വാര്‍ഷിക ഫീസുണ്ടാകാം
നമ്മുടെ പേഴ്‌സിലോ വീട്ടിലോ കിടക്കുന്ന ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നില്ലെങ്കിലും അതിന് ചില ബാങ്കുകളില്‍ വാര്‍ഷിക ഫീസ് ഉണ്ടാകാം. കാര്‍ഡിന്റെ തരം അനുസരിച്ചും ഈ നിരക്കില്‍ വ്യത്യാസമുണ്ടാകാം. അതുകൊണ്ട് ഉപയോഗിക്കാത്ത കാര്‍ഡുകള്‍ക്കും അതുമായി ബന്ധപ്പെട്ട ചാര്‍ജുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.
SMS അലര്‍ട്ടിനും ചാര്‍ജ് ഈടാക്കാം
ബാങ്കില്‍ നിന്ന് ഓരോ ഇടപാടിന്റെയും SMS ലഭിക്കുന്നത് ഉപകാരപ്രദമാണ്. എന്നാല്‍ ചില ബാങ്കുകള്‍ ഇത്തരം അധിക സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുന്നുണ്ടാകാം. നിങ്ങളുടെ ബാങ്കിന്റെ ഏറ്റവും പുതിയ ചാര്‍ജ് ലിസ്റ്റ് പരിശോധിച്ച് SMS, മറ്റ് അലര്‍ട്ട് സേവനങ്ങള്‍ എന്നിവയ്ക്ക് ഫീസ് ഉണ്ടോ എന്ന് മനസിലാക്കാം.

