മറന്നല്ലോ! എന്തെങ്കിലും ചെയ്യാൻ പോയിട്ട് മറന്നുപോകാറുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

Advertisement
Featured Image

വീട്ടില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എന്തെങ്കിലും ആവശ്യം തോന്നുന്നു. ഉടന്‍ എഴുന്നേറ്റ് മറ്റൊരു മുറിയിലേക്ക് നടക്കുന്നു. അവിടെ എത്തിയതും ഒരു നിമിഷം ചിന്തിച്ചുപോകും 'ഞാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്?' കുറച്ചുനേരം ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. ഒടുവില്‍ വന്ന വഴിയേ തിരിച്ചുനടക്കുമ്പോള്‍ കാര്യം ഓര്‍മ വരികയും ചെയ്യും. ഇത്തരമൊരു അനുഭവം ഉണ്ടാകാത്തവര്‍ കുറവായിരിക്കും. പ്രായഭേദമന്യേ പലര്‍ക്കും സംഭവിക്കുന്ന ഈ ചെറിയ മറവിക്ക് പിന്നില്‍ തലച്ചോറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രസകരമായൊരു ബന്ധമുണ്ട്. ഇതിനെ ശാസ്ത്രലോകം വിളിക്കുന്നത് 'ഡോര്‍വേ ഇഫക്ട്' (Doorway Effect) എന്നാണ്.

എന്താണ് ഈ ഡോര്‍വേ ഇഫക്ട്?


ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് കടക്കുമ്പോള്‍ തൊട്ടുമുമ്പ് മനസിലുണ്ടായിരുന്ന കാര്യം പെട്ടെന്ന് ഓര്‍മയില്‍നിന്ന് വഴുതിപ്പോകുന്ന അവസ്ഥയെയാണ് ഡോര്‍വേ ഇഫക്ട് എന്നു പറയുന്നത്. ഉദാഹരണത്തിന് മേശപ്പുറത്തുനിന്ന് പേന എടുക്കാനായി നിങ്ങള്‍ എഴുന്നേല്‍ക്കുന്നു. മറ്റൊരു മുറിയിലെത്തുമ്പോള്‍ പേനയുടെ കാര്യം തന്നെ മറന്നുപോകുന്നു. അവിടെ കാണുന്ന മറ്റൊരു വസ്തുവിലേക്കോ പുതിയൊരു കാര്യത്തിലേക്കോ ശ്രദ്ധ മാറുന്നതോടെ ആദ്യം ചെയ്യാനുദ്ദേശിച്ച കാര്യം താല്‍ക്കാലികമായി ഓര്‍മയില്‍നിന്ന് മാറിനില്‍ക്കാം. ഇവിടെ വാതില്‍ കടന്നതുകൊണ്ട് മാത്രം ഓര്‍മ മായുന്നതല്ല. ചുറ്റുപാടുകള്‍ മാറുന്നതും ശ്രദ്ധ മറ്റൊരു കാര്യത്തിലേക്ക് തിരിയുന്നതും തലച്ചോര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം ഇതില്‍ പങ്കുവഹിച്ചേക്കാം.

Advertisement

Related News