എല്ലാ ട്രെയിന്‍ ടിക്കറ്റുകള്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

Advertisement
Featured Image

ട്രെയിന്‍ ടിക്കറ്റുകള്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സുപ്രീം കോടതി. ഒക്ടോബര്‍ 17 മുതല്‍ പരിഷ്‌കാരം പ്രാബല്യത്തില്‍ വരും.ട്രെയിന്‍ യാത്രക്കാര്‍ക്കെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കൗണ്ടറുകള്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ റെയില്‍വേയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഈ ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ റെയില്‍വേ നേരിട്ട് ഉത്തരവാദിയായിരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.


2023 ജൂണിലുണ്ടായ ഒഡീഷ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. കവച് സുരക്ഷാ സംവിധാനം നടപ്പിലാക്കാത്തതാണ് അപകടകാരണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എല്ലാ ട്രെയിനുകളിലും ഈ സംവിധാനം എത്രയും വേഗം നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.


വിഷയം പരിഗണിച്ച ജസ്റ്റിസുമാരായ അഹ്സനുദ്ദീന്‍ അമാനുള്ള, ആര്‍. മഹാദേവന്‍ എന്നിവരടങ്ങുന്ന ബെഞ്ച്, യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പരിഗണിച്ചു. റെയില്‍വേ ഫുട് ഓവര്‍ ബ്രിഡ്ജുകള്‍, ട്രാക്കുകള്‍ക്ക് ചുറ്റുമുള്ള വേലി കെട്ടല്‍, കൗണ്ടറുകള്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാത്ത അവസ്ഥ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റെയില്‍വേ ബജറ്റില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി നീക്കിവെച്ച തുകയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് നേരത്തെ കോടതി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അതേസമയം ഓഫ്ലൈന്‍ ടിക്കറ്റുകള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും, അതിന്റെ നടപടിക്രമങ്ങള്‍ തയ്യാറാക്കിവരികയാണെന്നും മെയ് 11-ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.


എന്നാല്‍ കവച് സംവിധാനം വിപുലീകരിക്കുന്നതിലും ഫുട് ഓവര്‍ ബ്രിഡ്ജുകള്‍, വേലി കെട്ടല്‍ തുടങ്ങിയ കാര്യങ്ങളിലും കോടതിയുടെ ഉത്തരവുകള്‍ക്ക് അനുസൃതമായി എപ്രകാരമാണ് പ്രത്യേക ഊന്നല്‍ നല്‍കിയതെന്നും മുന്‍ഗണന നിശ്ചയിച്ചതെന്നും സംബന്ധിച്ച വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.


ഒക്ടോബര്‍ 6-ന് വിഷയം വീണ്ടും പരിഗണിച്ചപ്പോള്‍ സാധാരണക്കാരന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവകരമായ വിഷയത്തില്‍ റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നിലപാടില്‍ കോടതി കടുത്ത നിരാശയും അതൃപ്തിയും രേഖപ്പെടുത്തി.


'ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് റെയില്‍വേ ഈ കോടതിയില്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അത്തരം ഉറപ്പുകള്‍ കടലാസില്‍ മാത്രമായി ഒതുങ്ങിപ്പോയെന്നും പ്രായോഗികതലത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് മനസിലാകുന്നത്. സാധാരണക്കാരന്റെ സുരക്ഷയും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കലും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായി വകയിരുത്തിയ ബജറ്റ് വിഹിതം പോലും പൂര്‍ണ്ണമായി വിനിയോഗിച്ചിട്ടില്ല,' ബെഞ്ച് നിരീക്ഷിച്ചു.കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജിയാണ് ഹാജരായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രായോഗികതലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടും, നിശ്ചയിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടും കൃത്യമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അവസാന ഒരവസരം കൂടി നല്‍കണമെന്ന് വിക്രംജിത് ബാനര്‍ജി ബെഞ്ചിനോട് അഭ്യര്‍ത്ഥിച്ചു.


ഈ അഭ്യര്‍ത്ഥന അംഗീകരിച്ച കോടതി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും അംഗങ്ങളെയും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് തല്‍ക്കാലം മരവിപ്പിച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാര്യത്തില്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യാത്രക്കാര്‍ക്കും പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ആവിഷ്‌കരിക്കാന്‍ അധികൃതര്‍ക്ക് മതിയായ സമയം നല്‍കിയിരുന്നതായി ബെഞ്ച് ചൂണ്ടിക്കാട്ടി.

Advertisement

Related News