നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ഇന്നേക്ക് പത്ത് വർഷം. മോദി സർക്കാറിന്റെ ആദ്യ സർജിക്കൽ സ്ട്രൈക്കായി വിശേഷിപ്പിക്കപ്പെട്ടെങ്കിലും പത്ത് വർഷത്തിനിപ്പുറം നടപടി നേട്ടമായി ഉയർത്തിക്കാട്ടാൻ ബിജെപിയും മുതിരുന്നില്ല. നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടാക്കി എന്ന വിമർശനം പ്രതിപക്ഷം തുടരുകയാണ്. ഡിജിറ്റൽ പണമിടപാടിലേക്ക് ജനങ്ങളെ അടുപ്പിക്കാനായി എന്നതാണ് നോട്ട് നിരോധനത്തിന്റെ നേട്ടം.
2016 നവംബർ 8 രാത്രി 8 മണി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ ഒന്നടങ്കം ഞെട്ടിയ നിമിഷം. അഞ്ഞൂറ് ആയിരം നോട്ടുകൾക്ക് കടലാസിന്റെ വിലപോലുമില്ലാതായി. അന്ന് രാജ്യം മുഴുവൻ പ്രചാരത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഒറ്റയടിക്ക് അസാധുവായത്. ഇത് ആകെ പ്രചാരത്തിലുള്ള നോട്ടുകളുടെ 86.9% മൂല്യം വരും. ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നടപടി മൂലം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാറിനും അറിയാമായിരുന്നു. പക്ഷേ കള്ളപ്പണക്കാർക്കെതിരായ യുദ്ധപ്രഖ്യാപനമായി മോദി ജനങ്ങൾക്ക് മുന്നിൽ നടപടിയെ അവതരിപ്പിച്ചു. 50 ദിവസം സമയം തരാൻ ആണ് മോദി ആവശ്യപ്പെട്ടത്. പക്ഷേ നിരോധിച്ച നോട്ടെല്ലാം അതേപടി തിരിച്ചെത്താൻ തുടങ്ങിയതോടെ നടപടി പാളിയെന്ന് വ്യക്തമായി.

