മഴക്കുറവിന്റെ പേരിൽ കൃത്രിമക്ഷാമം വേണ്ട; അരി വ്യാപാരികൾക്ക് സ്റ്റോക്ക് വെളിപ്പെടുത്തൽ നിർബന്ധമാക്കി

Advertisement
Featured Image

ഡൽഹി/തിരുവനന്തപുരം: കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അരി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവയ്പ്പും കൃത്രിമ ക്ഷാമവും തടയാൻ കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. മഴക്കുറവ് മൂലം കൃഷി മുടങ്ങിയെന്ന വ്യാജപ്രചാരണം നടത്തി വില വർധിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി വ്യാപാരികൾക്കും മില്ലുടമകൾക്കും സ്റ്റോക്ക് പരിധി നിർബന്ധമാക്കി.

മൊത്ത-ചില്ലറ വ്യാപാരികൾ, സൂപ്പർമാർക്കറ്റ് ശൃംഖലകൾ, മില്ലുടമകൾ എന്നിവർ കൈവശമുള്ള അരിയുടെയും നെല്ലിന്റെയും കൃത്യമായ വിവരങ്ങൾ കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക സ്റ്റോക്ക് പോർട്ടലിൽ എല്ലാ വെള്ളിയാഴ്ചയും അപ്‌ഡേറ്റ് ചെയ്യണം. അരിയുടെയും നെല്ലിന്റെയും കണക്കുകൾ പ്രത്യേകമായി തന്നെ രേഖപ്പെടുത്തേണ്ടതാണ്.

വ്യാപാര സ്ഥാപനങ്ങളിൽ സൂക്ഷിക്കാവുന്ന സ്റ്റോക്കിന്റെ പരിധി നിശ്ചയിക്കാൻ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം പൂർണ്ണ അധികാരം നൽകി. സ്റ്റോക്ക് വിവരങ്ങൾ നൽകാത്തവർക്കെതിരെ അവശ്യസാധന നിയമപ്രകാരം കടുത്ത നടപടികളും പിഴയും ചുമത്തും. ജനുവരി 31 വരെയാണ് പ്രാഥമികമായി ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിപണിയിലെ വിലനിലവാരം പരിശോധിച്ച് സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താവുന്നതാണ്.

Advertisement

Related News