തന്നെക്കൊല്ലാൻ ഭാര്യ നടത്തിയ ഗൂഢാലോചനയിൽ ചാറ്റ്ജിപിടിക്കും പങ്കുണ്ടെന്ന് കാണിച്ച് ഓപ്പൺഎഐക്കെതിരെ കേസ് കൊടുത്ത് യുവാവ്. കൊല്ലാനുള്ള ഗൂഢാലോചനയ്ക്ക് സാങ്കേതിക സഹായം നൽകിയത് ഓപ്പൺഎഐയുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ആണെന്ന് ആരോപിച്ചാണ് വടക്കൻ കരോലിന സ്വദേശിയായ ജെയിംസ് ഗേറ്റ്സ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഓപ്പൺഎഐക്കും കമ്പനി സി.ഇ.ഒ സാം ആൾട്ട്മാനുമെതിരെ സാൻ ഫ്രാൻസിസ്കോ കൗണ്ടി സുപ്പീരിയർ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.കഴിഞ്ഞ വർഷം ഭാര്യ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെങ്കിലും ജെയിംസ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ജെയിംസിന്റെ ഭാര്യ ഷെറിൽ ഗേറ്റ്സിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
'പെട്ടെന്ന് അവൾ എനിക്ക് തീർത്തും അപരിചിതയായ ഒരാളായി മാറി. ഒടുവിൽ ഞാൻ അവൾക്ക് കൊല്ലേണ്ട ഒരാളായും മാറി. ഏകദേശം ഒരു വർഷത്തോളം അവൾ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. എന്നാൽ, അവളുടെ ചാറ്റ് ഹിസ്റ്ററി വായിച്ചു നോക്കിയപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. അവൾ ഒറ്റയ്ക്കായിരുന്നില്ല ഇതൊക്കെ ചെയ്തത്' എന്നാണ് ജെയിംസ് തന്റെ അഭിഭാഷകർ വഴി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

