തുടർച്ചയായ നാലാം തവണയും നാടോടിനൃത്തത്തിൽ സംസ്ഥാന വേദിയിലേക്ക് യോഗ്യത നേടി
ടി.എസ് ആദികൃഷ്ണ കലോത്സവ വേദിയിലെ താരമായി. 45-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടിനൃത്തത്തിലാണ് ഒന്നാം സ്ഥാനത്തോടെ ജി.വി.എച്ച്.എസ്.എസ് അമ്പലവയലിലെ ടി.എസ് ആദികൃഷ്ണ സംസ്ഥാനതല മത്സരത്തിന് അർഹത നേടിയത്. കഴിഞ്ഞ മൂന്ന് തവണയും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ആദികൃഷ്ണ ഇത്തവണയും മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. നഴ്സറി കാലം മുതൽ നൃത്തത്തോടുള്ള ഇഷ്ടമാണ് ആദികൃഷ്ണയെ ഈ മേഖലയിലേക്ക് എത്തിച്ചത്. ചെറുപ്രായത്തിൽ തുടങ്ങിയ പരിശീലനം ഇന്നും തുടരുന്നു. ഗുരുവായ അനിൽകുമാറിന്റെ കീഴിലാണ് നൃത്തപഠനം. ഓരോ മത്സരവും പുതിയ അനുഭവമായും കൂടുതൽ മികവ് നേടാനുള്ള അവസരമായുമാണ് ആദികൃഷ്ണ കാണുന്നത്.
പഠനത്തോടൊപ്പം നൃത്തപരിശീലനവും മുന്നോട്ടുകൊണ്ടുപോകുന്ന ആദികൃഷ്ണയ്ക്ക് കുടുംബത്തിന്റെ പിന്തുണയും കരുത്താകുന്നു. ശശീന്ദ്രൻ നായരുടെയും മിനിമോളുടെയും മകളായ ആദികൃഷ്ണ താഴത്തൂർ സ്വദേശിനിയാണ്.

