സംസ്ഥാനത്ത് വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾ, പ്രത്യേകിച്ച് ഫെയ്സ് ക്രീമുകൾ ഉപയോഗിച്ചതിനെത്തുടർന്ന് പലർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിൽ പരിശോധനക്ക് ആരോഗ്യ വകുപ്പ് നിർദേശം. വ്യാജ സൗന്ദര്യവർധക വസ്തുക്കളും സപ്ലിമെന്റുകളും വ്യാപകമായി ഉപയോഗിക്കുന്നത് ബ്യൂട്ടിപാർലറുകളിലും ജിമ്മുകളിലുമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന നടത്തുന്നത്.
ഇതുസംബന്ധിച്ച് അടിയന്തര സർക്കുലർ പുറപ്പെടുവിക്കാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അനുവദനീയ അളവിലും കൂടുതൽ രാസവസ്തുക്കളടങ്ങിയ സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത ലൈസൻസില്ലാതെയും ചേരുവകൾ, നിർമാണ തീയതി, കാലാവധി എന്നിവ രേഖപ്പെടുത്താതെയും പുറത്തിറക്കുന്ന വ്യാജ ഫെയ്സ് ക്രീമുകൾ വ്യാപകമായി വിറ്റഴിക്കുന്നു. ബ്യൂട്ടി പാർലറുകൾ, കോസ്മെറ്റിക് സെന്ററുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ വഴിയാണ് വിൽപനയും ഉപയോഗവും.
വ്യാജവും ലൈസൻസില്ലാത്തതും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾ കണ്ടെത്താൻ എല്ലാ ബ്യൂട്ടി പാർലറുകളിലും കോസ്മെറ്റിക് സെന്ററുകളിലും മറ്റു സ്ഥാപനങ്ങളിലും ഡ്രഗ്സ് കൺട്രോൾ വകുപ്പ് സമഗ്ര പരിശോധന നടത്തും. ജിമ്മുകൾ, വെൽനസ് സെന്ററുകൾ എന്നിവ വഴി വിൽക്കുന്ന പ്രോട്ടീൻ പൗഡറുകളുടെയും മറ്റു പോഷക സപ്ലിമെന്റുകളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പും ഡ്രഗ്സ് കൺട്രോൾ വകുപ്പും ചേർന്നാണ് പരിശോധന നടത്തുക. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനും ആഴ്ചതോറും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.

