സൗന്ദര്യവർധക വസ്തുക്കളോടുള്ള വിദ്യാർത്ഥികളുടെ അമിതാവേശത്തിന് തടയിടാൻ കടുത്ത നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. മുഖകാന്തി ലേപനം, ലിപ്സ്റ്റിക് അടക്കമുള്ളവയുടെ അമിത ഉപയോഗത്തിനെതിരെ സ്കൂളുകളിൽ മുന്നറിയിപ്പ് നൽകാനും ഇവ സ്കൂളുകളിലേക്ക് കൊണ്ടുവരുന്നത് വിലക്കാനുമാണ് നിർദ്ദേശം.
അരീക്കോട്ട് 'എഫ് ട്യൂൺ' ഫെയർനെസ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും കർശന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ക്ലാസ് മുറിയിൽ മറ്റൊരു കുട്ടി ഉപയോഗിക്കുന്നത് കണ്ടാണ് രോഗബാധയേറ്റ വിദ്യാർത്ഥിനി ഓൺലൈൻ വഴി ക്രീം വാങ്ങി ഉപയോഗിച്ചു തുടങ്ങിയത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇതുസംബന്ധിച്ച് അവബോധം നൽകാനും വകുപ്പ് ഒരുങ്ങുകയാണ്.പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ഇത്തരം ക്രീമുകളിൽ ആകൃഷ്ടരാകുന്നുണ്ട്.*
*കലോത്സവ നഗരികളിലും ഇവ സുലഭമാണ്. മലപ്പുറം ജില്ലയിൽ മൂന്നുവർഷം മുമ്പ് 'യൂത്ത് ഫെയ്സ്', 'ഫെയ്സ്' തുടങ്ങിയ ക്രീമുകൾ ഉപയോഗിച്ച 11 പെൺകുട്ടികൾക്ക് ഗുരുതരമായ വൃക്കരോഗമായ നെഫ്രോട്ടിക് സിൻഡ്രോം ബാധിച്ചിരുന്നു. ഇതിൽ 14 വയസ്സുകാരിയുടെ നില ഗുരുതരമായതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് റിപ്പോർട്ട് നൽകിയിരുന്നു.*
എഫ് ട്യൂൺ, ഫൈസ, ഗോറി തുടങ്ങി പല പേരുകളിൽ 400 മുതൽ 550 രൂപ വരെ വില ഈടാക്കി ഓൺലൈൻ വഴി വിൽക്കുന്നത് ഒരേതരം വ്യാജ ക്രീമുകളാണെന്നും വ്യക്തമായിട്ടുണ്ട്.

