തൂക്കുകയര്‍ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പരമോന്നത നീതിപീഠം. മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് വിഷം കുത്തിവച്ച് മരിക്കാനുള്ള സാധ്യത തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു നീക്കത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികൂലമായ പ്രതികരണമുണ്ടായതിനെ തുടര്‍ന്ന്, കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറാന്‍ കേന്ദ്രം തയ്യാറാവുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തൂക്കുകയര്‍ എന്ന രീതി ഇല്ലാതാക്കുക അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് തൂക്ക് കയര്‍ അല്ലെങ്കില്‍ വിഷം കുത്തിവച്ചുള്ള മരണം എന്നതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുക എന്ന ആവശ്യമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയത്. എന്നാല്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് ഓപ്ഷനുകള്‍ നല്‍കുക എന്നത് സാധ്യമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

