ന്യൂഡല്‍ഹി: ഇനി ഇന്‍സ്റ്റഗ്രാം റീല്‍സ് ടിവിയിലും കാണാം. ഇന്‍സ്റ്റഗ്രാം ഫോര്‍ ടിവി (Instagram for TV) ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണിന് പകരം ടെലിവിഷന്‍ സ്‌ക്രീനില്‍ റീല്‍സും സ്റ്റോറീസും മറ്റ് ഇന്‍സ്റ്റഗ്രാം കണ്ടന്റുകളും കാണാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുക
മുംബൈയില്‍ നടന്ന മെറ്റ വാര്‍ഷിക പരിപാടിയിയായ ഹൗസ് ഓഫ് ഇന്‍സ്റ്റഗ്രാമിലാണ് പ്രഖ്യാപനം നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ആപ്പ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വലിയ സ്‌ക്രീനില്‍ കണ്ടന്റുകള്‍ ആസ്വദിക്കാനുള്ള ഉപയോക്താക്കളുടെ താല്‍പര്യം പരിഗണിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ടിവി, ഗൂഗിള്‍ ടിവി എന്നിവയുടെ പിന്തുണയുള്ള ഉപകരണങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഫോര്‍ ടിവി ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് ടിവിയില്‍ ഇന്‍സ്റ്റഗ്രാം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിലവിലുള്ള അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. മൊബൈല്‍ ആപ്പിലെ സെറ്റിങ്‌സ് ബുക്ക്മാര്‍ക്ക് വഴിയും ടിവിയില്‍ കണക്ട് ചെയ്യാം.
instagram for tv
ടിവി സ്ക്രീൻ
ഒരു ടിവി ആപ്പില്‍ പരമാവധി അഞ്ച് അക്കൗണ്ടുകള്‍ വരെ ചേര്‍ക്കാനാവും. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള കണ്ടന്റുകള്‍ കാണാനും സാധിക്കും. ഇന്ത്യയിലെ പതിപ്പില്‍ പ്രധാനമായും റീല്‍സിനും സ്റ്റോറീസിനുമാണ് പ്രാധാന്യം. വൈഡ് സ്‌ക്രീനില്‍ കാണാവുന്ന ഹൊറിസോണ്ടല്‍ റീല്‍സുകള്‍ക്കൊപ്പം ഫോട്ടോകളും കാരോസല്‍ പോസ്റ്റുകളും കാണാനാവും.
മൊബൈല്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി ടിവിയില്‍ റീല്‍സുകള്‍ താനെ പ്ലേ ചെയ്യും. ടെലിവിഷന്‍ റിമോട്ട് ഉപയോഗിച്ച് പ്ലേബാക്ക് നിയന്ത്രിക്കാനും സാധിക്കും. എന്നാല്‍ ഓട്ടോ സ്‌ക്രോള്‍ നിയന്ത്രണങ്ങളുടെ ലഭ്യത ആപ്പിന്റെ പതിപ്പിനനുസരിച്ച് വ്യത്യാസപ്പെട്ടേക്കുമെന്ന് മെറ്റ വ്യക്തമാക്കി.

