സൗജന്യ പബ്ലിക് വൈഫൈ ; വിവരങ്ങള്‍ ചോരാന്‍ സാധ്യതയെന്ന് കേരള പോലിസിന്റെ മുന്നറിയിപ്പ്

Advertisement
Featured Image

തിരുവനന്തപുരം:സൗജന്യമായി ലഭിക്കുന്ന പബ്ലിക് വൈഫൈകളും അപരിചിതമായ നെറ്റ്വര്‍ക്കുകളും വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന് കേരള പോലിസിന്റെ മുന്നറിയിപ്പ്. പാസ്വേഡ് ഇല്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ ഇത്തരം നെറ്റ്വര്‍ക്കുകളില്‍ കണക്ട് ചെയ്യുന്ന നിമിഷം മുതല്‍ സ്മാര്‍ട്ട്ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. കേരള പോലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൈബര്‍ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സ്വകാര്യ ഫോട്ടോകള്‍, സന്ദേശങ്ങള്‍, ഇമെയിലുകള്‍, ബാങ്കിങ് വിവരങ്ങള്‍, ലോഗിന്‍ പാസ്വേഡുകള്‍ എന്നിവയെല്ലാം സുരക്ഷിതമല്ലാത്ത നെറ്റ്വര്‍ക്കുകള്‍ വഴി ചോരാന്‍ സാധ്യതയുണ്ട്. സൗജന്യ ഇന്റര്‍നെറ്റ് എന്ന പ്രലോഭനത്തിന് പിന്നില്‍ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാനുള്ള കെണിയുണ്ടാകാം. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ ഫോണിലെ ഓട്ടോ കണക്ട് വൈഫൈ സംവിധാനം നിര്‍ജീവമാക്കുകയും അജ്ഞാത കണക്ഷനുകള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യണമെന്ന് പോലിസ് കര്‍ശനമായി നിര്‍ദേശിച്ചു. വേഗമുള്ള കണക്ഷനേക്കാള്‍ പ്രധാനം സ്വന്തം സൈബര്‍ സുരക്ഷയാണെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണമെന്ന സന്ദേശവും പോലിസ് പങ്കുവച്ചു. സുരക്ഷിതമല്ലാത്ത കണക്ഷനുകളിലൂടെ ഉപകരണങ്ങളിലേക്ക് വൈറസുകളോ മാല്‍വെയറുകളോ ദോഷകരമായ സോഫ്റ്റ്വെയറുകളോ കടത്തിവിടാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇത്തരം നെറ്റ്വര്‍ക്കുകളില്‍ കണക്ട് ചെയ്തിരിക്കുമ്പോള്‍ യാതൊരു കാരണവശാലും നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ ഷോപ്പിങ്, മറ്റ് പണമിടപാടുകള്‍ എന്നിവ നടത്തരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള ബിസിനസ് സ്ഥാപനങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ട് തുടര്‍ച്ചയായി സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഓഫിസുകളിലെയും മറ്റ് പൊതു ഇടങ്ങളിലെയും കമ്പ്യൂട്ടറുകളില്‍ വാട്‌സാപ്പ് വെബ് ലോഗിന്‍ ചെയ്ത് ഔദ്യോഗികമോ അതീവ പ്രധാനമോ ആയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയത്. ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊതു വൈഫൈ ഉപയോഗിക്കുമ്പോള്‍ രഹസ്യ സ്വഭാവമുള്ളതോ സര്‍ക്കാര്‍, സംഘടനാ, സാമ്പത്തിക വിവരങ്ങളോ കൈമാറരുത്. പൊതുസ്ഥലങ്ങളിലെ കംപ്യൂട്ടറില്‍ വാട്‌സാപ്പ് ഉപയോഗിച്ച ശേഷം ബ്രൗസര്‍ ടാബില്‍നിന്നോ വിന്‍ഡോയില്‍നിന്നോ നേരിട്ട് പുറത്തിറങ്ങാതെ സ്വമേധയാ ലോഗ് ഔട്ട് ചെയ്‌തെന്ന് ഉറപ്പുവരുത്തണം. കഴിവതും സൈബര്‍ കഫേകള്‍, പൊതു കിയോസ്‌കുകള്‍, ഹോട്ടല്‍ ബിസിനസ് സെന്ററുകള്‍, കടമെടുത്ത കമ്പ്യൂട്ടറുകള്‍ എന്നിവയിലൂടെ വാട്‌സാപ്പ് വെബ് ആക്‌സസ് ചെയ്യുന്നത് ഒഴിവാക്കണം. ആക്‌സസ് ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ വിശ്വസനീയമായ ഒരു കംപ്യൂട്ടറില്‍ ഇന്‍കോഗ്‌നിറ്റോ അഥവാ സ്വകാര്യ ബ്രൗസിങ് മോഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും ശേഷം സ്വമേധയാ ലോഗ് ഔട്ട് ചെയ്യുകയും വേണം. അപ്രതീക്ഷിത സന്ദേശങ്ങള്‍, കോണ്‍ടാക്ടുകളില്‍നിന്നുള്ള അസാധാരണ മറുപടികള്‍, വിശദീകരിക്കാനാകാത്ത മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണിലെ വാട്‌സാപ്പില്‍ ലിങ്ക്ഡ് ഡിവൈസസ് വിഭാഗം പരിശോധിച്ച് അപരിചിതമായ ഉപകരണങ്ങള്‍ നീക്കം ചെയ്യണം. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, ബ്രൗസറുകള്‍, സുരക്ഷാ സോഫ്റ്റ്വെയര്‍ എന്നിവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും സംശയാസ്പദമായ ഡൗണ്‍ലോഡുകളും അജ്ഞാത ഫയലുകളും ഒഴിവാക്കാനും ഉപയോക്താക്കള്‍ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍തന്നെ ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്ലൈന്‍ നമ്പറായ 1930ല്‍ വിളിച്ച് പരാതി അറിയിക്കണം.

Advertisement

Related News