വില കൂടിയെങ്കിലും മോഹം കുറഞ്ഞില്ല: സ്വർണം വാങ്ങാൻ ഇന്ത്യക്കാർ വാരിയെറിഞ്ഞത് 1.98 ലക്ഷം കോടി; കണക്ക് പുറത്ത്

Advertisement
Featured Image

വാങ്ങുന്ന സ്വർണത്തിന്റെ അളവിൽ കുറവ് വരുത്തിയെങ്കിലും ഇന്ത്യക്കാർ സ്വർണം വാങ്ങുന്നതിനായി ചെലവഴിച്ച തുകയിൽ വൻ വർധനവ്. 2026 ഏപ്രിൽ–ജൂൺ പാദത്തിൽ സ്വർണം വാങ്ങാൻ മാത്രം ഇന്ത്യാക്കാർ അധികമായി ചെലവിട്ടത് 65,600 കോടി രൂപയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ത്യയിലെ മൊത്തം സ്വർണ ഉപഭോഗം 6 ശതമാനം ഇടിഞ്ഞ് 131.4 ടണ്ണിലെത്തി. എന്നാൽ സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നതോടെ ഉപഭോക്താക്കൾ ചെലവഴിച്ച ആകെ തുകയിൽ 50 ശതമാനത്തിന്റെ വൻ വർധനവാണുണ്ടായത്.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1.33 ലക്ഷം കോടി രൂപയായിരുന്ന വിപണി മൂല്യം ഇത്തവണ 1.98 ലക്ഷം കോടി രൂപയായി ഉയരുകയായിരുന്നു. വില ഉയർന്നപ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾ സ്വർണത്തിനുള്ള മുൻഗണന കുറച്ചിട്ടില്ലെന്നും, എന്നാൽ ബജറ്റിന് അനുസരിച്ച് വാങ്ങൽ രീതികളിൽ മാറ്റം വരുത്താൻ നിർബന്ധിതരാകുന്നുണ്ടെന്നും വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജിയണൽ സിഇഓ സച്ചിൻ ജെയിൻ വ്യക്തമാക്കി.


ഉയർന്ന വില ആഭരണ വിപണിയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ആഭരണ ഉപഭോഗം അളവ് 15 ശതമാനം ഇടിഞ്ഞ് 75.1 ടണ്ണിലെത്തിയെങ്കിലും, ആകെ മൂല്യം 34 ശതമാനം വർധിച്ച് 1,13,210 കോടി രൂപയിലെത്തി. അക്ഷയ തൃതീയ, ഗുഡി പദ്വ തുടങ്ങിയ ആഘോഷ ദിനങ്ങളിൽ വാങ്ങലുകൾ സജീവമായിരുന്നെങ്കിലും, അധിക തുക ഒഴിവാക്കാൻ ഉപഭോക്താക്കൾ ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്കും കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്കും ശ്രദ്ധ തിരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടാതെ പഴയ സ്വർണം നൽകി പുതിയത് വാങ്ങുന്ന എക്സ്ചേഞ്ച് രീതി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. അതേസമയം, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഡിജിറ്റൽ സ്വർണത്തിലും ബാറുകളിലും കോയിനുകളിലും മുന്നേറ്റം പ്രകടമാണ്. സ്വർണക്കട്ടികളുടെയും നാണയങ്ങളുടെയും ആവശ്യകത 9 ശതമാനം വർധിച്ച് 50.3 ടണ്ണിലെത്തിയപ്പോൾ, ആഗോളതലത്തിൽ നിക്ഷേപ ചോർച്ചയുണ്ടായപ്പോഴും ഇന്ത്യയിലെ ഗോൾഡ് ഇ.ടി.എഫുകളിലേക്ക് 4.2 ടൺ അറ്റ നിക്ഷേപം ഒഴുകിയെത്തി.

Advertisement

Related News