ബ്യൂണസ് അയേഴ്സ്: ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ ആരാകും അര്‍ജന്‍റീനയുടെ വിഖ്യാതമായ പത്താം നമ്പര്‍ ജേഴ്സി ഇനി അണിയുക എന്നതാണിപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചോദ്യം. ഫിഫയുടെ ഔദ്യോഗിക ടൂർണമെന്‍റുകളിലെ നിയമമനുസരിച്ച് ടീമിലെ കളിക്കാർക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ ക്രമമായി നൽകേണ്ടതുണ്ട്. അതിനാൽ തന്നെ മെസിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സിക്ക് പിന്‍വലിക്കാൻ അർജന്‍റീനയ്ക്ക് സാധിക്കില്ല.
തുടക്കത്തിൽ പരിശീലകൻ ലിയോണൽ സ്കലോണി പത്താം നമ്പർ ജേഴ്സി ആർക്കും നൽകാതെ മാറ്റി നിർത്തിയിരുന്നെങ്കിലും അത് ശാശ്വതമായ ഒരു പരിഹാരമല്ല. അതുകൊണ്ടുതന്നെ അർജന്‍റീനയുടെ പുതിയ പത്താമനായി 22-കാരനായ മധ്യനിര താരം നിക്കോ പാസിനെയാണ് ഫുട്ബോൾ ലോകം പ്രധാനമായും ഉറ്റുനോക്കുന്നത്. നിലവിൽ സീരി എ ക്ലബ്ബായ കോമോയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ യുവതാരം അർജന്‍റീന ദേശീയ ടീമിലും തന്‍റെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു.

