സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള കൽപ്പറ്റ, മേപ്പാടി, ചെതലത്ത് റെയിഞ്ചുകളുടെ പരിധിയിൽ വന്യജീവി ആക്രമണം മൂലം ജനങ്ങൾക്കുണ്ടാകുന്ന ജീവഹാനി, പരിക്ക്, കന്നുകാലി നഷ്ടം, കാർഷിക വിളനാശം, സ്വത്ത് നാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ഓഗസ്റ്റ് 13 ന് രാവിലെ ഒന്പത് മുതല്‍ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അദാലത്ത് നടക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ് ഉദ്ഘാടനം നിര്‍വഹിക്കും.
അദാലത്തിൽ പൊതുജനങ്ങളിൽ നിന്നും പരാതികളും അപേക്ഷകളും സ്വീകരിച്ച് അവയ്ക്ക് അതിവേഗ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന്റെ നിയമങ്ങൾ, സർക്കാർ ഉത്തരവുകൾ, അർഹമായ ആനുകൂല്യങ്ങൾ, നിലവിലുള്ള നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനും ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിനുമായി പ്രത്യേക സെഷനുകളും സംഘടിപ്പിക്കും. എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുക്കും.

