കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നേതൃത്വത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല സംഗമം ‘നവപഥം 2026’ സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഹയർ സെക്കൻഡറി എൻഎസ്എസ് സംസ്ഥാന പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് നോർത്ത് സോൺ കൺവീനർ ഹരിദാസ് വി. അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഹയർ സെക്കൻഡറി അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. ജലീൽ പി. എ. മുഖ്യാതിഥിയായി. വയനാട് ജില്ലാ എൻഎസ്എസ് കൺവീനർ ശ്യാൽ കെ. എസ്. സ്വാഗതം പറഞ്ഞു.എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, ഹയർ സെക്കൻഡറി അക്കാദമിക് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ വിശ്വേഷ് വി. ജി., മീനങ്ങാടി ക്ലസ്റ്റർ കൺവീനർ ഡോ. രാജേന്ദ്രൻ എം. കെ., സുൽത്താൻ ബത്തേരി ക്ലസ്റ്റർ കൺവീനർ രജീഷ് എ. വി., പടിഞ്ഞാറത്തറ ക്ലസ്റ്റർ കൺവീനർ സാജിദ് പി. കെ., പനമരം ക്ലസ്റ്റർ കൺവീനർ സുദർശൻ കെ. ഡി., കൽപ്പറ്റ ക്ലസ്റ്റർ കൺവീനർ സുഭാഷ് വി. പി. എന്നിവർ ആശംസകൾ നേർന്നു. മാനന്തവാടി ക്ലസ്റ്റർ കൺവീനർ രവീന്ദ്രൻ കെ. നന്ദി രേഖപ്പെടുത്തി.
എൻഎസ്എസ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രോഗ്രാം ഓഫീസർമാരുടെ പ്രവർത്തനാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയ പ്രവർത്തന പദ്ധതികൾ ചർച്ച ചെയ്യുന്നതിനും സംഗമം വേദിയായി. വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിനായി യൂണിറ്റുകൾ നടപ്പാക്കേണ്ട വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.
മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ പ്രോഗ്രാം ഓഫീസർമാരെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം ഓഫീസർമാരുടെ ആത്മാർഥമായ സേവനവും വിവിധ സാമൂഹിക ഇടപെടലുകളും ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു.
ആക്ഷൻ പ്ലാൻ ചർച്ച, സംസ്ഥാന കോ-ഓർഡിനേറ്ററുമായുള്ള സംവാദം, മൈ ഭാരത് പോർട്ടൽ പരിശീലനം തുടങ്ങിയ സെഷനുകൾ നടന്നു. വരുംകാല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും വിവിധ ക്ലസ്റ്ററുകളിലെ മികച്ച പ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും സെഷനുകൾ സഹായകമായി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വശേഷി വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ പുതുമയും ചലനാത്മകതയും നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഗമം സംഘടിപ്പിച്ചത്.
വയനാട് ജില്ലയിലെ 59 യൂണിറ്റുകളിൽ നിന്നുള്ള പ്രോഗ്രാം ഓഫീസർമാരുടെ സജീവ പങ്കാളിത്തം സംഗമത്തിന്റെ ശ്രദ്ധേയമായി

