ലയണല്‍ മെസി തന്നെ വലിയ ഉദാഹരണം'; കോലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്

Advertisement
Featured Image

പ്രായമല്ല, പ്രകടനമാണ് ടീം സെലക്ഷനുള്ള മാനദണ്ഡമാകേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ശാരീരികക്ഷമതയും ഫോമും നിലനിര്‍ത്തുകയാണെങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പ് ടീമില്‍ തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് എത്തുമ്പോഴേക്കും രോഹിത്തിന് 40 വയസും വിരാട് കോലിക്ക് 39 വയസുമാകും. എങ്കിലും പ്രായം ഒരിക്കലും ഒരു തടസമാകരുതെന്നാണ് ഹര്‍ഭജന്റെ പക്ഷം.

അര്‍ജന്റീനയെ കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുമ്പോള്‍ ലയണല്‍ മെസിക്ക് 39 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. മികച്ച പ്രകടനത്തിലൂടെ കളിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ മെസിക്ക് കഴിഞ്ഞിരുന്നു... ''ആരായാലും ശരി, സെലക്ഷനുള്ള മാനദണ്ഡം പ്രായമല്ല, പ്രകടനമായിരിക്കണം. വിരാട് കോലിക്ക് 39 വയസ്സായേക്കാം, പക്ഷേ കളിക്കളത്തില്‍ കോലി ഇപ്പോഴും 20 വയസുള്ള യുവതാരങ്ങളെ ഓടിച്ചു തോല്‍പ്പിക്കുന്നുണ്ടെങ്കില്‍ പിന്നെ പ്രായം ഒരു വിഷയമേയല്ല. മെസ്സിയെ നോക്കൂ. 39-ാം വയസിലും അഞ്ച് പേര്‍ വിചാരിച്ചാലും അദ്ദേഹത്തെ തടയാനാവില്ല. അത്രയധികം ഫിറ്റ്നസും കഴിവും ഒരു കളിക്കാരനുണ്ടെങ്കില്‍ അവിടെ കഴിവ് തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.'' ഹര്‍ഭജന്‍ വ്യക്തമാക്കി.

Advertisement

Related News