സുൽത്താൻ ബത്തേരി: ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരയ്ക്കാൻ ഒരുങ്ങി 32 ഗോത്ര വിദ്യാർത്ഥികൾ. സുൽത്താൻ ബത്തേരി നഗരസഭയുടെ നൂതന പദ്ധതിയായ ‘ഡ്രോപ്പ് ഔട്ട് ഫ്രീ’യിൽ ഉൾപ്പെടുത്തിയാണ് ഈ കുട്ടികൾക്ക് വിവിധ തൊഴിൽ-കരകൗശല നിർമ്മാണ മേഖലകളിൽ പ്രത്യേക പരിശീലനം നൽകിയത്. വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഉപജീവന മാർഗ്ഗമായി പ്രയോജനപ്പെടുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചത്.
ക്യാരി ബാഗ് നിർമ്മാണം, എംബ്രോയിഡറി, വെജിറ്റബിൾ പ്രിന്റിംഗ്, ബുക്ക് ബൈൻഡിങ്, മെറ്റൽ എൻഗ്രേവിങ്, പേപ്പർ ക്രാഫ്റ്റ്, കാർഡ് ആന്റ് സ്ട്രോ ബോർഡ് ഉൽപ്പന്നങ്ങൾ, ക്ലേ മോഡലിംഗ്, ചിരട്ട ഉൽപ്പന്നങ്ങൾ (കോക്കനട്ട് ഷെൽ ക്രാഫ്റ്റ്), വുഡ് വർക്ക് തുടങ്ങിയ വിവിധ ഇനങ്ങളിലാണ് 11 ദിവസങ്ങളിലായി സമഗ്ര പരിശീലനം നൽകിയത്.
തുടർന്ന്, വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും നടന്നു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ ഇന്ദ്രജിത് എം.കെ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ ഷിഫാനത്ത് വി.കെ, ലീല പാൽപാത്ത്, കൗൺസിലർ നൗഷാദ് മംഗലശ്ശേരി, നിർവ്വഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൽ നാസർ, ബിജി വർഗീസ്, ദില്ലിൻ സത്യനാഥ്, റസിയ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
11 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികൾക്ക് ആലിസ് കെ.എം, ജിസോ മോൾ, മുഹമ്മദ് ഹാഷിർ എന്നിവർ നേതൃത്വം നൽകി.

