കൃഷി വകുപ്പ് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോര്‍ട്ടികോര്‍പ് മുഖേന ജില്ലയില്‍ കുറഞ്ഞ നിരക്കില്‍ സവാള വിത്പന ആരംഭിച്ചു. കളക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഹോര്‍ട്ടികോര്‍പ് മൊബൈല്‍ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. വിപണിയില്‍ കിലോ ഗ്രാമിന് 65.75 രൂപയോളം വില നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹോര്‍ട്ടികോര്‍പിലൂടെ പൊതുജനങ്ങള്‍ക്ക് കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നാഷണല്‍ കോ-ഓപറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്) സംഭരിച്ച രണ്ട് ടണ്‍ സവാളയാണ് ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത്. നിലവില്‍ രണ്ട് വാഹനങ്ങളിലായാണ് വിത്പന ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ വാഹനങ്ങളെത്തും.
കൃഷി-ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പകളുടെ സംയുക്ത ഇടപെടലിന്റെ ഭാഗമായി 100 ടണ്‍ സവാള അടിയന്തരമായി കേരളത്തിലെത്തിക്കും. ആദ്യഘട്ടത്തില്‍ ഓര്‍ഡര്‍ നല്‍കിയ 30 ടണ്ണില്‍ 20 ടണ്‍ ഇതിനകം കേരളത്തിലെത്തി. ഇതില്‍ 10 ടണ്‍ മലബാര്‍ മേഖലയിലേക്കും 10 ടണ്‍ തെക്കന്‍ കേരളത്തിലേക്കുമാണ് എത്തിച്ചത്. 30 ടണ്‍ സവാള വ്യാഴാഴ്ച കേരളത്തിലെത്തിക്കും. ശേഷിക്കുന്ന സവാളയ്ക്കായുള്ള ഓര്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. നാഷണല്‍ കോ-ഓപറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് സവാള സംഭരിച്ച് കേരളത്തിലെത്തിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ എ.ഡി.എം കെ അജീഷ്, ഹോര്‍ട്ടികോര്‍പ് ജില്ലാ മാനേജര്‍ എ.ആര്‍ ചിത്ര, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ ലാല്‍സുന, ഹോര്‍ട്ടികോര്‍പ് അസി. മാനേജര്‍ സിബി ചാക്കോ, ഹോര്‍ട്ടികോര്‍പ് ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

