പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനത്തതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ഇന്നലെ ബാരലിന് എൺപത് ഡോളർ ആയിരുന്ന ബ്രെന്റ് ക്രൂഡ് വില ഇന്ന് 85 ഡോളറിൽ എത്തി. ആഗോളതലത്തിൽ എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്കയാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണമായത്.
യു. എസും ഇറാനും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ നില നിന്നിരുന്ന സമയത്ത് ക്രൂഡ് ഓയിൽ വില ഗണ്യമായി ഇടിഞ്ഞിരുന്നു. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായപ്പോൾ ബാരലിന് 118 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില, പിന്നീട് വെടിനിർത്തൽ ചർച്ചകളും വിപണിയിലെ വിതരണം സാധാരണ നിലയിലായതും കാരണം 60 മുതൽ 70 ഡോളർ വരെയുള്ള നിരക്കിലേക്ക് താഴ്ന്നിരുന്നു.
പശ്ചിമേഷ്യൻ സംഘർഷം നമ്മുടെ വിപണിയിലും പ്രതിഫലിക്കുകയാണ്. ഇന്ത്യയിലെ ചില്ലറ വിപണി വില കഴിഞ്ഞ 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെ പുറത്തുവന്ന കണക്ക് അനുസരിച്ച് 4. 38 ശതമാനമാണ് രാജ്യത്തെ വിലക്കയറ്റം. 2024 ഡിസംബറിന് ശേഷം ആദ്യമായാണ് വിലക്കയറ്റം 4 ശതമാനത്തിന് മുകളിലേക്ക് ഉയരുന്നത്.

