കൊച്ചി: വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ചകളിലൂടെ അരനൂറ്റാണ്ടിലേറെയായി സിനിമാസ്വാദകരുടെ മനസ്സിൽ സിംഹാസനമുറപ്പിച്ച മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. ഞായറാഴ്ച രാത്രി മുതൽ തന്നെ താരത്തിന് ആശംസകളുമായി നൂറുകണക്കിന് ആരാധകരാണ് രംഗത്തെത്തിയിട്ടുള്ളത്. തുടർന്ന് വീഡിയോ കോളിലൂടെ നേരിട്ടെത്തി മമ്മൂട്ടി ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി അറിയിച്ചു.
1971 ഓഗസ്റ്റ് 6-ന് പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിൽ ബഹദൂറിനൊപ്പമുള്ള ഒറ്റ സീനിലൂടെയാണ് മമ്മൂട്ടി സിനിമാജീവിതത്തിന് തുടക്കമിട്ടത്. 1973-ലെ ‘കാലചക്രം’ എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ സംഭാഷണം പറഞ്ഞു. എം.ടി. വാസുദേവൻ നായർ ഒരുക്കിയ ‘ദേവലോകം’ എന്ന ചിത്രം പൂർത്തിയായില്ലെങ്കിലും, 1980-ൽ കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത ‘മേള’ മമ്മൂട്ടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി. പിന്നീട് ഐ.വി. ശശി, ജോഷി, പി.ജി. വിശ്വംഭരൻ, സത്യൻ അന്തിക്കാട് തുടങ്ങി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ പകരംവെക്കാനില്ലാത്ത പ്രതിഭയായി വളർന്നു.
ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അദ്ദേഹത്തെ ഈ 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. നേരത്തെ പദ്മശ്രീ പുരസ്‌കാരവും, നാല് ദേശീയ ചലച്ചിത്ര അവാർഡുകളും, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങളും, കേരള പ്രഭ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ കേരള, കാലിക്കറ്റ്, എം.ജി സർവ്വകലാശാലകൾ ഡി.ലിറ്റ് നൽകിയും അദ്ദേഹത്തെ ആദരിച്ചു. തന്റെ സിനിമാ യാത്രയിൽ ഇന്നും പുതിയ പരീക്ഷണ ചിത്രങ്ങളുമായി സജീവമാണ് മമ്മൂട്ടി.

