രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ 1 ,500 കോടി രൂപ കൂടി കടമെടുക്കുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നാണ് വിശദീകരണം. ഇതിനായുള്ള കടപ്പത്ര ലേലം ജൂണ്‍ 25ന് റിസര്‍വ് ബാങ്കിന്റെ മുംബൈ പോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. ഇതോടെ ഈ വര്‍ഷത്തെ കടമെടുപ്പ് 8,000 കോടിയിലേക്ക്.
കടപ്പത്രത്തിലൂടെ ലഭിക്കുന്ന തുകയില്‍ നിന്ന് ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും. 900 കോടി രൂപയാണ് ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ വേണ്ടത്. 2024 ജനുവരി മുതലുള്ള പെന്‍ഷന്‍ കുടിശികയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കാരണങ്ങളിലൊന്ന് പെന്‍ഷന്‍ മുടങ്ങിയതാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ തിരുത്തല്‍ നടപടികളിലേക്ക് കടക്കുന്നത്. ഈ മാസം 26 മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ വരെ 21,253 രൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
കേരളത്തിന്റെ കടം 4.29 ലക്ഷം കോടി: പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കണക്കുപ്രകാരം 2024 വരെയുള്ള കേരളത്തിന്റെ മൊത്തം കടം 4.29 ലക്ഷം കോടി രൂപയാണ്. 2011ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 3,34,06,061 (3.34 കോടി) ജനസംഖ്യയുണ്ട്.അങ്ങനെ നോക്കിയാല്‍ ഓരോ മലയാളിയും ഒന്നേകാല്‍ ലക്ഷത്തോളം രൂപ കടത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.2024-25 വര്‍ഷത്തില്‍ കേരളത്തിന്റെ കടം 4.57 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. 2000-01ല്‍ 28,250 കോടിയുണ്ടായിരുന്ന കടബാധ്യതയാണ് രണ്ടര ദശാബ്ദത്തില്‍ നാലര ലക്ഷത്തിലേക്ക് ഉയരുന്നത്.