മസാജിനിടെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചെന്ന പരാതിയുമായി വിദേശവനിത. നെതർലൻഡ്സ് സ്വദേശിനിയായ യുവതിയാണ് തിരുനെല്ലിയിലെ റിസോർട്ടിലെ ജീവനക്കാരനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നെതർലൻഡ്സില്‍ തിരിച്ചെത്തിയ ശേഷം ഡിജിപിക്ക് ഇ മെയിലായാണ് യുവതി പരാതി നല്‍കിയത്.
വയനാട് സന്ദർശിക്കാനായി എത്തിയ ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുമ്മു ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഡിസംബർ ആദ്യമാണ് ഓണ്‍ലൈൻ ബുക്കിങ് വഴി യുവതി തിരുനെല്ലിയിലെ റിസോർട്ടില്‍ എത്തിയത്.
നെതർലൻഡ്സില്‍ തിരിച്ചെത്തിയ ശേഷം ഈ മാസം പതിനാലിനാണു പരാതി നല്‍കിയത്. ഇന്ത്യയില്‍ പരാതി നല്‍കേണ്ട നടപടിക്രമങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്കാൻ വൈകിയതെന്നാണ് യുവതി പറയുന്നത്. പരാതി ലഭിച്ച് ഒരാഴ്ചയോളമായിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി.