തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കി. പഞ്ചായത്തിലെ ഒരു സ്ഥാനാർഥിക്ക് ഒരു പ്രചാരണ വാഹനംമാത്രമാണ് ഉപയോഗിക്കാവുന്നത്.
ബ്ലോക്ക് പഞ്ചായത്തിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി മൂന്നും ജില്ലാ പഞ്ചായത്തിൽ നാലു വാഹനവുമാകാം. മുനിസിപ്പാലിറ്റികളിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി രണ്ട് വാഹനവും കോർപറേഷനുകളിൽ നാലെണ്ണംവരെയും ഉപയോഗിക്കാം.
പ്രചാരണ വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പൊലീസിൽനിന്ന് മുൻകൂർ അനുമതി വേണം. അനുവദനീയമായ ശബ്ദപരിധിക്കുള്ളിലായിരിക്കണം ഉപയോഗം. രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയ്ക്ക് വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല.