ഭൂരഹിതരില്ലാത്ത നവകേരളം ലക്ഷ്യമാക്കി ‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ കർമപദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പട്ടയമേള നാളെ (ജൂലൈ 15) രാവിലെ 10.30 ന് റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പട്ടയ മേളയിൽ 997 പട്ടയങ്ങൾ വിതരണം ചെയ്യും.
ലാൻഡ് അസൈൻമെൻ്റ് വിഭാഗത്തിൽ 141, മിച്ചഭൂമി ഇനത്തിൽ 66, ക്രയ സർട്ടിഫിക്കറ്റ്, ലാൻഡ് ട്രൈബ്യൂണൽ പട്ടയമായി 785, കൈവശ രേഖ (വനാവകാശം)-5 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഭൂമിയില്ലാത്തവരെ കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാറിൻ്റെ ലക്ഷ്യം.
പരിഹരിക്കപ്പെടാത്ത ഭൂ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ആക്ഷൻ പ്ളാൻ തയ്യാറാക്കി അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും പട്ടയം നൽകാൻ പട്ടയ മിഷൻ രൂപീകരിച്ച് ഡാഷ് ബോർഡ് മുഖേന പുരോഗതി വിലയിരുത്തുന്നുണ്ട്.
ജില്ലയിൽ ഇത് വരെ നടന്ന പട്ടയ മേളകളിലായി 4416 പട്ടയങ്ങൾ/കൈവശരേഖകൾ വിതരണം ചെയ്തിട്ടുണ്ട്. 915 ലാൻഡ് അസൈൻമെൻ്റ് പട്ടയങ്ങളും 2057 ക്രയസർട്ടിഫിക്കറ്റുകളും (ലാൻഡ് ട്രൈബ്യൂണൽ പട്ടയം) 902 മിച്ചഭൂമി പട്ടയങ്ങളും 542 കൈവശ രേഖകളാണ് വിതരണം ചെയ്തത്. രണ്ടര വർഷത്തിനകം ഒന്നര ലക്ഷം പട്ടയമെന്ന നേട്ടമാണ് റവന്യൂ വകുപ്പ് കൈവരിച്ചത്.
പട്ടികജാതി- പട്ടികവർഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനാകുന്ന പരിപാടിയിൽ പ്രിയങ്ക ഗാന്ധി എംപി, എംഎൽഎമാരായ ഐ സി ബാലകൃഷ്ണൻ, ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ഇ വിനയൻ, വൈസ് പ്രസിഡൻ്റ് കെ പി നുസ്റത്ത്, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്,
രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.