വിസിറ്റ് വിസയില്‍ മകള്‍ക്കും പേരക്കുട്ടിക്കുമൊപ്പം യാത്ര ചെയ്യാനെത്തിയ സ്ത്രീയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ യാത്രാവിലക്കുണ്ടെന്ന് പറഞ്ഞ് തിരിച്ചയച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിനി ആബിദാബീവിക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുരനുഭവം ഉണ്ടായത്. എന്നാല്‍ യാത്രാവിലക്ക് ഉണ്ടായിരുന്നില്ലെന്നാണ് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായത്. ഇതിന് പിന്നാലെ മറ്റൊരു വിമാനത്തില്‍ ആബിദാബീവി യുഎഇയിലെത്തുകയും ചെയ്തു.
Advertisement
വെളളിയാഴ്ച രാത്രി 8.30നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു ആബിദാബീവിയും മകളും പേരക്കുട്ടിയും ടിക്കറ്റ് ബുക്ക് ചെയ്തത്. എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറാനായി കാത്തിരിക്കുമ്പോഴാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ എത്തി ആബിദയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്. കാരണം ചോദിച്ചപ്പോള്‍ അബുദാബിയില്‍ യാത്രാവിലക്കുണ്ടെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്.
അവസാനനിമിഷം എല്ലാവരുടെയും യാത്ര മുടങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ ഉമ്മയെ നാട്ടിലാക്കി മകള്‍ മാത്രം യുഎഇയിലേക്ക് വന്നു. എന്നാല്‍ അബുദാബിയില്‍ ഇറങ്ങി അന്വേഷിച്ചപ്പോള്‍ യാത്രചെയ്യുന്നതിന് തടസമൊന്നും ഉണ്ടായിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മകള്‍ ജാസിന്‍ പറയുന്നു. പിന്നീട് മറ്റൊരു വിമാനത്തില്‍ ഇന്ന് രാവിലെ ആബിദാബീവി ഷാര്‍ജയില്‍ ഇറങ്ങുകയും ചെയ്തു. യാത്രാവിലക്കുണ്ടായിരുന്നെങ്കില്‍ എങ്ങിനെ ഇന്ന് യാത്രചെയ്യാനായെന്നതാണ് ഇവരുടെ ചോദ്യം.
അവസാനനിമിഷം ഉണ്ടായ ദുരനുഭവത്തിന് കാരണമെന്തെന്ന് ചോദിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അയച്ച മെയിലിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു. കോള്‍ സെന്ററിലേക്ക് വിളിക്കുമ്പോഴും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ നിയമ നടപടിക്ക് തയ്യാറെടുക്കുകയാണ് കുടുംബം.