ഇന്ത്യയ്ക്ക് കൂടുതൽ തീരുവ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇപ്പോഴില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനമെന്ന് ട്രംപ് അറിയിച്ചു. ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ നീക്കത്തെ റഷ്യ അപലപിച്ചിരുന്നു. റഷ്യയിൽ നിന്ന് യുഎസ് രാസവളം ഇറക്കുമതി ചെയ്യുണ്ടെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യയിൽ നിന്ന് രാസവളം യുഎസ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ അധിക താരിഫുകൾ ചുമത്തുമെന്ന് ട്രംപ് ഇന്നലെ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ലെന്നാണ് യുഎസ് പ്രസിഡന്‍റ് തുറന്നടിച്ചത്. ഇതിനോട് ഇന്ത്യ രൂക്ഷമായാണ് പ്രതികരിച്ചത്. യുഎസും യൂറോപ്യൻ യൂണിയനും യുക്രൈൻ യുദ്ധത്തിനിടയിലും റഷ്യയുമായി വ്യാപാരം തുടരുമ്പോൾ, റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തുന്നത് നീതികേടാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
അതേസമയം, റഷ്യയും ട്രംപിന്‍റെ ഭീഷണിക്കെതിരെ രംഗത്തെത്തി. റഷ്യയുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കാൻ ഇന്ത്യ പോലുള്ള തങ്ങളുടെ സഖ്യകക്ഷികളെ ട്രംപ് നിയമവിരുദ്ധമായി സമ്മർദ്ദത്തിലാക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ അവകാശവും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത്.