വായിലെ അർബുദം എന്നും അറിയപ്പെടുന്ന ഓറൽ ക്യാൻസർ ചുണ്ടുകൾ, നാവ്, മോണകൾ, കവിൾത്തടങ്ങൾ, വായയുടെ അടിഭാഗം, മുകൾഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവയുൾപ്പെടെയുള്ള ഭാഗത്ത് ബാധിക്കുന്നു. പലവിധത്തിലുള്ള പുകയില /വെറ്റില അടക്കയുടെ ഉപയോഗിക്കുന്നവർ, പുകയില വായയുടെ അകത്ത് വയ്ക്കുന്നത്, പാൻ വെറ്റിലയുടെയോ അടക്കയുടെയോ കൂടെ ഉപയോഗിക്കുന്നവരിലെല്ലാം വായിൽ ക്യാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു. മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് വായിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
വായിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ
ഒന്ന്
വായിലെ ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്ന് അൾസർ അല്ലെങ്കിൽ വ്രണം പോലെയാണ് കാണപ്പെടുന്നത്. ദീർഘകാല നീണ്ട് നിൽക്കുന്ന വ്രണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്. കാരണം ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. തുടർച്ചയായ വായ് വ്രണം അസാധാരണമായ ടിഷ്യു വളർച്ചയെ സൂചിപ്പിക്കാം.
രണ്ട്
വായയ്ക്കുള്ളിലെ അർബുദത്തിന് മുമ്പുള്ള വളർച്ച വെളുത്തതോ, ചുവപ്പോ, മോണയിലും, നാവിലും, കവിളിന്റെ ഉൾഭാഗത്തും, വായയുടെ മുകൾഭാഗത്തും വികസിക്കുന്നു. ഈ പാടുകൾ കട്ടിയുള്ളതും പരുക്കനുമായിരിക്കും. ഈ പാടുകളുടെ പ്രാരംഭ ഘട്ടത്തിൽ സാധാരണയായി ഒരു അസ്വസ്ഥതയും ഉണ്ടാകില്ല.
മൂന്ന്
വായിൽ മുഴകൾ കാണുന്നതാണ് മറ്റൊരു ലക്ഷണം. സാധാരണയായി വായയ്ക്കുള്ളിലോ, ചുണ്ടുകളിലോ, കഴുത്തിലോ, താടിയെല്ലിലോ സ്ഥിതി ചെയ്യുന്ന വളർച്ചയോ ടിഷ്യു കട്ടിയാക്കലോ ആയിട്ടാണ് ഓറൽ ക്യാൻസർ പ്രത്യക്ഷപ്പെടുന്നത്. മുഴകൾ വേദനാജനകമോ വേദനയില്ലാത്തതോ ആകാം. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന് മുഴകൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
നാല്
ഓറൽ ക്യാൻസറിന്റെ പുരോഗതി വായുടെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ഭക്ഷണം ചവയ്ക്കുക, വിഴുങ്ങുക തുടങ്ങിയ സാധാരണ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടായിത്തീരുന്നു. വ്യക്തമായി സംസാരിക്കുക, നാവ് അല്ലെങ്കിൽ താടിയെല്ല് ചലിപ്പിക്കുക എന്നിവയിലും പ്രയാസം ഉണ്ടാക്കാം. നിങ്ങൾക്ക് തുടർച്ചയായ തൊണ്ടവേദന, പരുക്കൻ ശബ്ദം അല്ലെങ്കിൽ തൊണ്ടയിൽ എന്തോ കുടുങ്ങിയതായി തോന്നൽ എന്നിവയും അനുഭവപ്പെടാം.
അഞ്ച്
വായിലോ നാവിലോ ഉണ്ടാകുന്ന വേദനയും ചുറ്റുമുള്ള മരവിപ്പും വായിലെ കാൻസറിനുള്ള ഒരു മുന്നറിയിപ്പ് സൂചനയാണ്. ചില രോഗികൾക്ക് തുടർച്ചയായ ചെവി വേദനയും താടിയെല്ലിന്റെ കാഠിന്യവും വീക്കവും അനുഭവപ്പെടുന്നു.