ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ എയർ ഇന്ത്യയോടും ഇൻ്റിഗോയോടും ചൈനയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായാണ് വിവരം.
കൊവിഡ് 19 മഹാമാരിയുടെ വ്യാപനത്തെ തുടർന്നാണ് ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചത്. തൊട്ടുപിന്നാലെ 2020 ജൂൺ മാസത്തിൽ ഗാൽവാൻ താഴ്‌വരയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ ഉഭയകക്ഷി ബന്ധവും വഷളായിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തങ്ങളുടെ അതിർത്തി മേഖലയിൽ സൈനിക വിന്യാസം കൂടുതൽ ശക്തമാക്കി. പിന്നീട് ഈ ബന്ധം കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ സൈനിക നേതൃത്വങ്ങൾ ചർച്ച നടത്തുകയും ഇതിൻ്റെ ഫലം കാണുകയും ചെയ്‌തിരുന്നു. എന്നാൽ അതിർത്തിയിൽ പലയിടത്തും ഇപ്പോഴും അസ്വസ്ഥത നിലനിൽക്കുന്നുണ്ട്