വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം പുഷ്പമേള ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ജില്ലയിൽ എത്തിച്ചേരുന്നത് ഇതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മനുഷ്യന്റെ മാനസിക ഘടനയിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കാൻ പൂക്കൾക്ക് കഴിവുണ്ടെന്നും നട്ടുവളർത്തിയ പൂക്കളാൽ മനോഹരമായി ഒരുക്കിയിരിക്കുന്ന പുഷ്പമേള രാജ്യത്തെ മറ്റ് പ്രധാന പുഷ്പമേളകളോട് കിടപിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക ജില്ലയായ വയനാടിന് ഉത്തേജനം നൽകുന്ന പൂപ്പൊലിയിൽ എല്ലാവരും ഏറ്റെടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തി പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു.
പുതുവത്സരത്തിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പൂപ്പൊലിയുടെ സംഘാടനം മികച്ച രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കാർഷിക സർവ്വകലാശാലയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുഷ്പമേള ജനുവരി 15 വരെ നീണ്ടുനിൽക്കും.
വർണ്ണ പുഷ്പങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും വൈവിധ്യമാണ് മേളയുടെ മുഖ്യ സവിശേഷത. വിവിധ തീം ഗാർഡനുകൾ, പുഷ്പാലങ്കാരങ്ങൾ, കുട്ടികൾക്കായുള്ള വിനോദ സൗകര്യങ്ങൾ, കാർഷിക ശിൽപശാലകൾ, സെമിനാറുകൾ, പ്രദർശന–വിപണന മേള, സാംസ്‌കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് പുഷ്പോത്സവം ഒരുക്കിയിരിക്കുന്നത്.
പരിപാടിയിൽ അമ്പലവയൽ കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധന പ്രവർത്തി പരിചയ പരിപാടികളുടെ ഉദ്ഘാടനവും മന്ത്രി പി പ്രസാദ് നിർവഹിച്ചു.
ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോഷക ഗുണമുള്ള സാലഡ് ബോക്സ് എന്ന പുതിയ ഉത്പന്നവും മന്ത്രി ഔദ്യോഗികമായി പുറത്തിറക്കി.
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, എം.എൽ.എ ടി സിദ്ദീഖ്, പത്മശ്രീ ചെറുവയൽ രാമൻ,
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. സി കൃഷ്ണകുമാർ,
കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലറും കാർഷികോത്പാദന കമ്മീഷണറും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി അശോക്, കേരള കാർഷിക സർവ്വകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ബിനു പി ബോണി, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. സി. കെ യാമിനി വർമ്മ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ -സാംസ്കാരിക പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.








