ആറ് മണിക്കൂറെങ്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം.
ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്തു കൊണ്ടേയിരിക്കുന്നവരായിരിക്കും നമ്മിൽ പലരും. എന്തായാലും, ഈ മുംബൈ സിഇഒ ഒരു ‘ഡൂം സ്ക്രോളറെ’ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതായത്, ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ. മോങ്ക് എന്റർടൈൻമെന്റാണ് പലരും സ്വപ്നമായി കാണുന്ന ഈ ജോലിയിലേക്ക് ഒഴിവുണ്ട് എന്ന് പറഞ്ഞിരിക്കുന്നത്. മോങ്ക് എന്റർടൈൻമെന്റിന്റെ സഹസ്ഥാപകനും സിഇഒയുമായ വിരാജ് ഷെത്ത്, ആണ് തങ്ങളുടെ കമ്പനിയിലേക്ക് ഒരു ഡൂം സ്ക്രോളറെ വേണം എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇനി എന്താണ് ഡൂം സ്ക്രോളർ എന്നല്ലേ? സ്‌ക്രീനുകളിൽ നോക്കി അമിതമായി സമയം ചെലവഴിക്കുന്ന ഒരാളെയാണ് ഡൂം-സ്ക്രോളർ എന്ന് പറഞ്ഞിരുന്നത്. പ്രത്യേകിച്ച് നെഗറ്റീവ് വാർത്തകളോ ഉത്കണ്ഠ ഉളവാക്കുന്ന വാർത്തകളോ ഒക്കെ വായിക്കുന്നവർ. എന്നാൽ, പിന്നീട്, അൽഗോരിതത്തിനനുസരിച്ച് ഫീഡ് മാറിത്തുടങ്ങിയതോടെ ഡൂം സ്ക്രോളർ എന്നത് സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഏതൊരാളെയും വിളിക്കുന്ന പേരായി മാറി.