ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സൈറ്റ് വയനാട്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ബാല നീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഓണക്കൂട്ട് 2025 സംഘടിപ്പിക്കുന്നു. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ എല്ലാ കുട്ടികള്‍ക്കും ഓണക്കോടി എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്യാമ്പയിനിലേക്ക് വിവിധ വകുപ്പുകള്‍ ഓണക്കോടികള്‍ കൈമാറിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ കഴിയുന്ന 337 കുട്ടികള്‍ക്ക് നല്‍കാനുള്ള ഓണ കോടി തയ്യാറായതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളെജില്‍ നാളെ (ഓഗസ്റ്റ് 28)) രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ. ദേവകി, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, ഡോണ്‍ ബോസ്‌കോ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. ഷാജന്‍ നൊറോണ, സി.ഡബ്ല്യൂ.സി അംഗം അഡ്വ. തനു ജഗദീഷ്, ഉമേഷ് മോഹന്‍ എന്നിവര്‍ പങ്കെടുക്കും.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.