വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി – മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്. റോഡിൽ അടിങ്ങ പാറകൾ കംപ്രസർ, ഹിറ്റാച്ചി ബ്രെക്കർ ഉപയോഗിച്ച് കഷ്ണങ്ങളാക്കിയാണ് റോഡിൽ നിന്നും നീക്കം ചെയ്തത്. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിൽ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അറിയിച്ചു. മണ്ണിടിച്ചിൽ ഉണ്ടായാൽ തടയാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താൻ വിദഗ്ദ സമിതി പ്രദേശം സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ റോഡിലേക്ക് ഒലിച്ചിറങ്ങിയ മണ്ണ് ഫയർ ഫോഴ്സ് വെള്ളം ഉപയോഗിച്ച് നീക്കം ചെയ്ത്
ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ജില്ലാ ഭരണകൂടം, അഗ്നിരക്ഷാ സേന, പോലീസ്, ചുരം സംരക്ഷണ സമിതി, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ ശ്രമഫലങ്ങൾക്കൊടുവിലാണ് ഗതാഗതം ഭാഗികമായി പുന:സ്ഥാപിക്കാൻ സാധിച്ചത്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.