ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയുമ്പോള്‍ കമ്പനികള്‍ വിലകൂട്ടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജിഎസ്ടി നികുതി പരിഷ്‌കരണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി.
30 മുതല്‍ 35 രൂപവരെ വിലകൂട്ടാന്‍ സിമന്റ് കമ്പനികള്‍ നേരത്തെ നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ 28 ശതമാനം സ്ലാബില്‍ നിന്ന് 18 ശതമാനം ആകുമ്പോള്‍ ഒരു ചാക്ക് സിമന്റിന് ഏകദേശം 30 രൂപ കുറയും. യഥാര്‍ത്ഥത്തില്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചത് ആര്‍ക്ക് സഹായമാകുന്നു എന്നതാണ് പ്രശ്‌നം. നികുതിയിലുണ്ടാകുന്ന കുറവ് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ഓട്ടോമൊബൈല്‍, സിമന്റ്, ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്‌സ് എന്നിവയില്‍ മാത്രം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ 2500 കോടിയാണ് ഒരു വര്‍ഷം കുറയാന്‍ പോകുന്നത്. കേരളത്തിന്റെ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. നികുതിയുടെ വെട്ടിക്കുറവിലുണ്ടാകുന്ന നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.