തൊഴിലന്വേഷകർക്ക് പിന്തുണയായി സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയിൽ ആരംഭിച്ച ജോബ് സ്‌റ്റേഷനിൽ 510 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 190 ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. 10 തൊഴിൽ ദാതാക്കളും തൊഴിൽമേളയുടെ ഭാഗമായി. പത്തോളം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽമേളയിൽ വച്ചു തന്നെ ജോലി നൽകി.
45ഓളം പേർ വിവിധ കമ്പനികളുടെ ഷോർട്ട് ലിസ്റ്റുകളിൽ ഇടം നേടി. ബാക്കിയുള്ളവർക്ക് ഇനി വരുന്ന തൊഴിൽമേളയിലൂടെയും തൊഴിൽ അടിസ്ഥാനത്തിലുള്ള ട്രെയിനിങ്ങിലൂടെയും തൊഴിൽ നൽകാൻ സാധിക്കും.
നഗരസഭയിൽ നടന്ന തൊഴിൽമേള നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസിന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ, വിജ്ഞാനകേരളം ജില്ലാ കോഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ സെലീന, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ലിജി ജോൺസൺ എന്നിവർ സംസാരിച്ചു.