അഹമ്മദാബാദ്: പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ബീഹാർ സ്വദേശി അജയ് കുമാർ സിംഗ് (47), ഉത്തർപ്രദേശ് സ്വദേശിനി റാഷ്മണി പാൽ (35 എന്നിവരാണ് അറസ്റ്റിലായത്. അജയ് കുമാർ സിംഗിനെ ഗോവയിൽ നിന്നും റാഷ്മണി പാലിനെ ദാമനിൽ നിന്നുമാണ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ ഇന്റലിജൻസ് വിഭാഗത്തിന് രഹസ്യ സൈനികവിവരങ്ങൾ കൈമാറിയെന്നാണ് ഇവർക്കുമേൽ ആരോപിക്കുന്ന കുറ്റം. ഹണിട്രാപ്പിലൂടെ സൈനിക ഉദ്യോഗസ്ഥരെ കുടുക്കിയതിനാണ് റാഷ്മണി പാൽ പിടിയിലായത്.
2022-ൽ സൈന്യത്തിൽനിന്ന് വിരമിച്ച അജയ് കുമാർ സിംഗ് ഗോവയിലെ ഒരു ഡിസ്റ്റിലറിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ഇയാൾ പാക് ഇന്റലിജൻസ് ഓഫീസർ ‘അംഗിത ശർമ’ എന്ന പേരിൽ പ്രവർത്തിച്ച സ്ത്രീയോട് സൈനിക നീക്കങ്ങൾ, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നാഗാലാൻഡിൽ സുബേദാറായിരുന്ന സമയത്താണ് ഇവർ തമ്മിൽ ബന്ധം ആരംഭിച്ചതെന്ന് എടിഎസ് പറയുന്നു.
സൈനികരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ശേഖരിച്ചുവെന്നാണ് യുവതിയ്ക്കെതിരായ ആരോപണം. ‘പ്രിയ ഠാക്കൂർ’ എന്ന വ്യാജപേരിലായിരുന്നു ഇവർ സൈനികരുമായി ബന്ധം സ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്.








