ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ച വാർത്ത സാധാരണക്കാർക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനി മുതൽ നിലവിലുണ്ടാവുക. സെപ്റ്റംബർ 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമ്പോൾ അത് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. കാരണം, യാത്രക്കാരുടെ ചെലവ് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഹോട്ടലുകളുടെയും വിമാന യാത്രയുടെയും നികുതി നിരക്കുകളിൽ കാര്യമായ മാറ്റങ്ങൾക്ക് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.
ഉത്സവ, വിവാഹ സീസണിന് തൊട്ടുമുമ്പാണ് പുതിയ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഹോട്ടലുകളിലെ താമസത്തിനുള്ള ജിഎസ്ടിയിലെ കുറവാണ് എടുത്തുപറയേണ്ടത്. നേരത്തെ, ഒരു രാത്രിക്ക് 7,500 രൂപ വരെ നിരക്കുണ്ടായിരുന്ന മുറികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റോടെ (ഐടിസി) 12% നികുതി ചുമത്തിയിരുന്നു. എന്നാൽ, പുതുക്കിയ നിരക്കുകൾ പ്രകാരം ഈ മുറികൾ ഇപ്പോൾ ഐടിസി ഇല്ലാതെ 5% ജിഎസ്ടി സ്ലാബിന് കീഴിൽ വരുമെന്നതാണ് പ്രത്യേകത. ഒരു രാത്രിക്ക് 1,000 രൂപയിൽ താഴെയുള്ള മുറികൾക്ക് ജിഎസ്ടി ഉണ്ടാകില്ല. ഒരു രാത്രിക്ക് 1,000 രൂപ മുതൽ 7,500 രൂപ വരെയുള്ള മുറികൾക്ക് ഇനി മുതൽ 12ന് പകരം 5% ജിഎസ്ടി നിരക്കാണ് ഈടാക്കുക. 7,500 രൂപയിൽ കൂടുതൽ താരിഫ് ഉള്ള പ്രീമിയം ഹോട്ടലുകൾക്ക് 18% നികുതി തുടരുകയും ചെയ്യും. ഇതെല്ലാം താമസ ചെലവ് കുറയ്ക്കാൻ സഹായിക്കും.